മന്ത്രിസ്ഥാനം കിട്ടിയവര്‍ക്ക് പലര്‍ക്കും വകുപ്പില്‍ തൃപ്തി പോര തര്‍ക്കങ്ങള്‍ തുടരുന്നു;മന്ത്രിമാര്‍ പലരും ഓഫീസില്‍ എത്തിയില്ല;ഭരണ പ്രതിസന്ധി രൂക്ഷം..

ബെംഗളൂരു: കോൺഗ്രസിലെയും ജനതാദൾ-എസിലെയും മന്ത്രിമാർക്കിടയിലെ തർക്കം ഭരണപ്രതിസന്ധിക്കിടയാക്കുന്നതായി പരാതി. മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി അധികാരമേറ്റ് 20 ദിവസം കഴിഞ്ഞിട്ടും സഖ്യസർക്കാരിന് ഭരണപരമായ തീരുമാനമെടുക്കുന്നതിനോ മന്ത്രിസഭായോഗം ചേരാനോ കഴിഞ്ഞിട്ടില്ല. 25 മന്ത്രിമാർ സത്യപ്രതിജ്ഞചെയ്ത് ദിവസങ്ങൾക്കുശേഷമാണ് വകുപ്പ് വീതിച്ചുനൽകിയത്.

വകുപ്പിനെച്ചൊല്ലിയുള്ള തർക്കത്താൽ മന്ത്രിമാർ ഓഫീസിലെത്തിയിട്ടില്ല. കോൺഗ്രസിൽ മന്ത്രിസ്ഥാനത്തിനാണ് തർക്കമെങ്കിൽ ജനതാദൾ- എസിൽ വകുപ്പിനെ ചൊല്ലിയാണ് വിഭാഗീയത. മുതിർന്ന നേതാക്കളായ ജി.ടി. ദേവഗൗഡയും സി.എസ്. പുട്ടരാജുവും വകുപ്പുമാറ്റണമെന്ന ഉറച്ച നിലപാടിലാണ്.

അനുകൂല നടപടിയുണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കാനാണ് തീരുമാനം. കോൺഗ്രസ് മന്ത്രിമാർ തിങ്കളാഴ്ച ഓഫീസിലെത്തുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. മന്ത്രിമാർ സ്വന്തം മണ്ഡലത്തിലായതിനാലാണ് ഓഫീസിലെത്താത്തതെന്നും വിശദീകരിക്കുന്നു.

ഇരുപാർട്ടികളിലുമുള്ള തർക്കമാണ് സർക്കാരിന്റെ പ്രവർത്തനത്തെ ബാധിച്ചത്. മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിർന്ന നേതാക്കളായ എം.ബി. പാട്ടീൽ, രാമലിംഗറെഡ്ഡി, സതീഷ് ജാർക്കിഹോളി, എച്ച്.കെ. പാട്ടീൽ എന്നീ നേതാക്കൾ നേതൃത്വത്തിനുനേരെ പ്രതിഷേധത്തിലാണ്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി ചർച്ചനടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. അതിനിടെ, സർക്കാരിനെതിരെ സമരത്തിനും ബി.ജെ.പി. തയ്യാറെടുക്കുകയാണ്.

കാർഷികവായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി.യുടെ സമരം. അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അധികാരത്തിലെത്തിയതിനുശേഷം വാഗ്ദാനത്തിൽനിന്ന് പിൻമാറിയെന്നാണ് ബി.ജെ.പി.യുടെ ആരോപണം. പാർട്ടിക്കുള്ളിലെ തർക്കത്തിൽ സംസ്ഥാനം ഭരണസ്തംഭനത്തിലാണെന്നും ബി.ജെ.പി. ആരോപിക്കുന്നു.

വകുപ്പുകൾ വീതിച്ചുനൽകിയ സാഹചര്യത്തിൽ പ്രധാന തീരുമാനങ്ങളെടുക്കാൻ മന്ത്രിമാർ ഓഫീസിലെത്തണം. കോൺഗ്രസും ജനതാദൾ-എസും പാർട്ടിക്കുള്ളിലെ തർക്കം തീർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കോൺഗ്രസിലെ തർക്കം നീണ്ടുപോയാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതൃപ്തിയുള്ള എം.എൽ.എ.മാർ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയാൽ സർക്കാരിന്റെ നിലനിൽപ്പും പ്രതിസന്ധിയിലാകും.

ഭരണരംഗത്തെ പ്രതിസന്ധി ബി.ജെ.പി. രാഷ്ട്രീയനേട്ടങ്ങൾക്കായി ഉപയോഗിക്കുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. അടുത്തവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സഖ്യസർക്കാരിന് ഭരണം മെച്ചപ്പെടുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ ഒന്നിച്ചുമത്സരിക്കുമെന്ന്‌ ജനതാദളും കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ തർക്കം പരിഹരിച്ച് ഭരണത്തിൽ സജീവമാകാനാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം നിർദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us