നാടകങ്ങള്‍ തുടരുന്നു;തര്‍ക്കങ്ങള്‍ കാരണം വകുപ്പ് വിഭജനം ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല:പ്രതിപക്ഷം പോരാട്ടം കടുപ്പിക്കുന്നു;കുമാരസ്വാമിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

ബെംഗളൂരു: മണിക്കൂറുകള്‍ മാത്രമാണ് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത് എങ്കിലും  പോരാട്ടത്തിൽ നിന്നു പിന്മാറാനില്ലെന്നു വ്യക്തമാക്കി കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. സംസ്ഥാനത്തെ കർഷകരുടെ കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളിയില്ലെങ്കിൽ ജെഡിഎസ്–കോൺഗ്രസ് സഖ്യ സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ  വ്യക്തമാക്കി.

കര്‍ഷകരുടെ  കടം എഴുതിത്തള്ളണമെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘53,000 കോടി രൂപ വരുന്ന കാർഷിക കടം എഴുതിത്തള്ളിയില്ലെങ്കിൽ രാജി വയ്ക്കുമെന്നാണ് കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞത്. ഒരാഴ്ചയാണ് അദ്ദേഹം ഇതിനു സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഞങ്ങൾ കാത്തിരിക്കും. അതിനു ശേഷം പ്രക്ഷോഭവുമായി ബിജെപി രംഗത്തിറങ്ങും’–യെഡിയൂരപ്പ പറഞ്ഞു.

കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി കർണാടകയിൽ ബന്ദ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടം ഒരാഴ്ചയ്ക്കകം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി പറഞ്ഞത്. ഇല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുമെന്നാണു പ്രഖ്യാപനം. അതിനിടെ കുമാരസ്വാമി സർക്കാർ അധികം വൈകാതെ വീഴുമെന്ന് ബിജെപി ജനറൽ സെക്രട്ടറി മുരളിധർ റാവു പറഞ്ഞു. ഒന്നുകിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും അല്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് വരും–എന്നായിരുന്നു തെലങ്കാനയിലെ ബിജെപി നിർവാഹകസമിതി യോഗത്തിൽ റാവു പറഞ്ഞത്. കർണാടകയിലെ തിരഞ്ഞെടുപ്പു ചുമതല റാവുവിനായിരുന്നു.

എന്നാല്‍ ഇന്നലെ നടത്തിയ ബന്ദ് സമാധാനപരമായിരുന്നെന്നും സംസ്ഥാനത്തെ കർഷകർ തങ്ങൾക്കൊപ്പമാണെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞ് അഞ്ചു ദിവസമായിട്ടും മന്ത്രിസഭ രൂപീകരിക്കാത്തതിലും ബിജെപി കുമാരസ്വാമിയെ കുറ്റപ്പെടുത്തി.

മന്ത്രിമാരുടെ  വകുപ്പുവിഭജനം സംബന്ധിച്ച് ‘ഡൽഹി നാടക’മാണ് ഇപ്പോൾ നടക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു. ‘രാഹുൽ ഗാന്ധി യുഎസിലാണ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനാണു മന്ത്രിസഭാ രൂപീകരണത്തിനുള്ള ചുമതല. ഇങ്ങനെ രൂപീകരിക്കുന്ന സർക്കാർ എപ്രകാരമായിരിക്കുമെന്നതിനെപ്പറ്റി ജനങ്ങൾ ഇപ്പോൾത്തന്നെ ചിന്തിച്ചു തുടങ്ങിക്കഴിഞ്ഞു…’ യെഡിയൂരപ്പ വിമർശിച്ചു. ദേവെഗൗഡയുടെയും കുമാരസ്വാമിയുടെയും അഴിമതിക്കഥകൾ വരുംനാളുകളിൽ ഘട്ടംഘട്ടമായി പുറത്തുവിടുമെന്നും ബിജെപി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തി.

അതേസമയം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഡൽഹിയിൽ ചർച്ച തുടരുകയാണ്. ദേശീയ നേതാക്കളുമായി കുമാരസ്വാമിയുടെ ചർച്ചയ്ക്കൊടുവിൽ തീരുമാനമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. എന്നാൽ ചർച്ചകൾ തീരുമാനമാകാതെ പിരിയുന്ന സാഹചര്യത്തിൽ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമാകുമെന്നാണു പ്രതീക്ഷയെന്ന് കുമാരസ്വാമി പറഞ്ഞു. ഇരുവിഭാഗവും തമ്മിൽ വകുപ്പുകളുടെ പേരിൽ അവകാശവാദങ്ങളുന്നയിക്കലും ‘വിലപേശലും’ തുടരുകയാണെന്നാണു റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us