ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരുവിലെ നാലു പ്രമുഖ പൊതുമരാമത്ത് കോൺട്രാക്ടർമാരുടെ വസതികളിലും ഓഫിസുകളിലുമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 6.76 കോടി രൂപ. 2000 രൂപ, 500 രൂപ നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ബെനാമി പേരുകളിലാണ് ഇവ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഒട്ടേറെ കോൺട്രാക്ടർമാർ വൻതോതിൽ നോട്ടുകൾ പൂഴ്ത്തിവച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
വൻതോതിൽ ഇത്തരത്തിൽ നോട്ടുകൾ പൂഴ്ത്തിവച്ചതാണ് സമീപകാലത്ത് എടിഎമ്മുകൾ കാലിയാകാനുള്ള കാരണങ്ങളിലൊന്നെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന് ഇതുവരെ കണക്കിൽപ്പെടാത്ത 10.62 കോടി രൂപയും 1.33 കോടി രൂപയുടെ സ്വർണാഭരണങ്ങളുമാണ് ആദായ നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.