നടക്കുന്നത് താനും ബി.എസ്.യെഡിയൂരപ്പയും തമ്മിലുള്ള പോരാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിൽ കാര്യമൊന്നുമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരു: കർണാടകയിൽ നടക്കുന്നത് താനും ബി.എസ്.യെഡിയൂരപ്പയും തമ്മിലുള്ള പോരാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിൽ കാര്യമൊന്നുമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ത്രിശങ്കുസഭ വരുമെന്നും അതുവഴി ‘കിങ്മേക്കർ’ ആകാമെന്നുമുള്ള സാങ്കൽപിക ലോകത്താണ് എച്ച്.ഡി.കുമാരസ്വാമി. ജനതാദൾ (എസ്) അല്ല കോൺഗ്രസിന്റെ പ്രധാന എതിരാളി. അവർക്ക് 25 സീറ്റിലധികം കിട്ടാൻ പോകുന്നില്ലെന്നും ‘വേൾഡ് ഈസ് വൺ ന്യൂസ്’ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആഞ്ഞടിച്ചു. ബിജെപിയുടെ വർഗീയ കാർഡ് ചെലവാകാൻ ഇത് ഗുജറാത്തല്ല.

മതനിരപേക്ഷതയാണ് കർണാടകയുടെ മുഖമുദ്ര. അഞ്ചുവർഷം നടത്തിയ മികച്ച ഭരണമാണ് കോൺഗ്രസിന് പ്രചാരണത്തിൽ കരുത്താകുന്നത്. മറ്റു സംസ്ഥാനങ്ങളേക്കാൾ നിക്ഷേപങ്ങൾ ആകർഷിക്കാൻ കർണാടകയ്ക്കു കഴിഞ്ഞു. ക്രമസമാധാന നില പഴയതിനേക്കാൾ മെച്ചപ്പെട്ടു. നാലുകോടി പേർക്ക് ആശ്വാസമായ അന്നഭാഗ്യ, ക്ഷീരകർഷകർക്ക് ലീറ്ററിന് അഞ്ചുരൂപ വീതം സബ്സിഡി നൽകുന്ന ക്ഷീരഭാഗ്യ, മൂന്നുലക്ഷംവരെ പലിശരഹിത കാർഷിക വായ്പ നൽകുന്ന പദ്ധതി തുടങ്ങിയ പാവങ്ങളെ സഹായിക്കാൻ ചെയ്തതെല്ലാം തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നും അദ്ദേഹം പറയുന്നു. കടുത്ത വരൾച്ച നേരിട്ടിട്ടുപോലും സംസ്ഥാനത്തിന് പതിവു വിഹിതത്തിനപ്പുറം ഒന്നും നൽകാൻ കേന്ദ്രം തയാറായില്ല. കർഷക വായ്പകൾ എഴുതിത്തളണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും തയാറായില്ല. 

ഗുജറാത്ത്, ഉത്തർ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കർണാടക വിവേചനം നേരിട്ടിട്ടുണ്ട്. വരുണ മണ്ഡലത്തിൽ മകൻ ഡോ. യതീന്ദ്ര മത്സരിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമായിരുന്നെന്നും അതിനാലാണ് ഇക്കുറി ചാമുണ്ഡേശ്വരിയിലേക്ക് മാറിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. മൂത്ത മകൻ രാകേഷ് രണ്ടു വർഷം മുൻപേ വരുണയിൽ സജീവ പ്രവർത്തനം തുടങ്ങിയിരുന്നു. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. രാകേഷിന്റെ മരണശേഷം ഇളയ മകൻ യതീന്ദ്ര മണ്ഡലത്തിൽ സജീവമായി. ചാമുണ്ഡേശ്വരിയിലെ ജനങ്ങളുമായി താൻ എക്കാലവും ബന്ധം പുലർത്തിയിരുന്നെന്നും ആത്മവിശ്വാസത്തിന് തെല്ലും കുറവില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us