ഇന്ത്യ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ച് ഇന്ത്യ.

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ച് ഇന്ത്യ. ഏപ്രില്‍ 11 മുതല്‍ ചെന്നൈയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ എണ്‍പതോളം ലോകരാജ്യങ്ങള്‍ പങ്കെടുക്കും. നാല് ദിവസമാണ് പ്രദര്‍ശനം.

അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ സജീവമാണെങ്കിലും ചര്‍ച്ചയിലൂടെ സമാധാന അന്തരീക്ഷം നിലനിറുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ചതിലൂടെ ഇന്ത്യ കൈമാറാന്‍ ആഗ്രഹിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കയ്യേറ്റങ്ങള്‍ ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന അസ്വസ്ഥത ചെറുതല്ല. എങ്കിലും നയതന്ത്രചര്‍ച്ചകളിലൂടെ സമവായത്തില്‍ എത്താനാണ് ഇന്ത്യയുടെ നീക്കം.

ഏഷ്യയിലെ ഏറ്റവും വലിയ കര, നാവിക സൈനിക ആയുധങ്ങളുടെ പ്രദർശന മേളയ്ക്കായിരിക്കും ചെന്നൈ വേദിയാകുക. സാധാരണയായി ന്യൂഡല്‍ഹിയിലാണ് പ്രദര്‍ശനം നടക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന്‍റെ വേദി ഗോവയിലേക്ക് മാറ്റിയിരുന്നു. പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തിരുന്ന മനോഹര്‍ പരീക്കര്‍ ഗോവയില്‍ നിന്നായതിനാല്‍ അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അതേ മാതൃകയാണ് നിര്‍മല സീതാരാമനും പിന്തുടരുന്നത്. തമിഴ്നാട് സ്വദേശിയാണ് പ്രതിരോധമന്ത്രിയായ നിര്‍മല സീതാരാമന്‍. ലോകരാജ്യങ്ങളിലെ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന യുദ്ധസാമഗ്രികള്‍ പരിചയപ്പെടുത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ പ്രദര്‍ശനമാണിത്.

ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്താണ് ഇന്ത്യ. അതുകൊണ്ടു തന്നെ രാജ്യം ആതിഥ്യം വഹിക്കുന്ന ഡിഫൻസ് എക്‌സ്‌പോയുടെ പ്രാധാന്യം വലുതാണ്. ആയുധ നിർമാതാക്കൾക്കു സ്വന്തം സാങ്കേതികമികവ് തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്‌താവിനു മുൻപിൽ അവതരിപ്പിക്കാനുള്ള സുവര്‍ണാവസരമാകും ഇത്. പ്രദര്‍ശനത്തിന്‍റെ പത്താം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us