സിംഗപ്പുരിലെ ജോലി തട്ടിപ്പിനെ തുടര്‍ന്ന് പരാതി നല്‍കിയവരുടെ ഇ–മെയിൽ ഹാക്ക് ചെയ്തു;എലൈറ്റ് പ്രഫഷനലിന്റെ വെബ്‌സൈറ്റും അപ്രത്യക്ഷമായി.

ബെംഗളൂരു: സിംഗപ്പുരിൽ ജോലി വാഗ്ദാനം ചെയ്തു മലയാളികളടക്കുള്ളവരെ കബളിപ്പിച്ച റിക്രൂട്മെന്റ് കമ്പനിക്കെതിരെ പരാതിപ്പെട്ടവരുടെ ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി പരാതി. എലൈറ്റ് പ്രഫഷനലിനെതിരെയാണ് ഉദ്യോഗാർഥികൾ രംഗത്തെത്തിയത്. പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഭീഷണി കോളുകൾ ലഭിക്കുന്നതിനു പിന്നാലെയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തതെന്നു തട്ടിപ്പിന് ഇരയായവർ പറയുന്നു.

എലൈറ്റ് പ്രഫഷനലിന്റെ വീസ തട്ടിപ്പിനെതിരെ ബെംഗളൂരു സൈബർ ക്രൈം വിഭാഗത്തിനു പരാതി നൽകിയതിനു പിന്നാലെയാണ് ഹെന്നൂർ സ്വദേശിയും നഴ്സുമായ വിനോദ് കുമാറിനു ഭീഷണി കോൾ ലഭിച്ചത്. പരാതി പിൻവലിച്ചില്ലെങ്കിൽ തട്ടിപ്പു സംഘത്തിന്റെ ഭാഗമാണെന്നു വരുത്തിത്തീർക്കും എന്നായിരുന്നു ഭീഷണി. തുടർന്നു വിനോദിന്റെ ഇ–മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു. ബാങ്കോക്ക്, തായ്‌ലൻഡ് അഹമ്മദാബാദ്, പുണെ എന്നിവിടങ്ങളിൽ നിന്നായി വിവിധ അക്കൗണ്ടുകളിലേക്കു മുപ്പതോളം സന്ദേശങ്ങൾ വിനോദ് കുമാറിന്റെ മെയിലിൽ നിന്ന് അയച്ചിരിക്കുന്നതായും പിന്നീടു കണ്ടെത്തി.

പരാതികൾ ഏറിയതോടെ എലൈറ്റ് പ്രഫഷനലിന്റെ വെബ്സൈറ്റ് കഴിഞ്ഞദിവസം അപ്രത്യക്ഷമായി. ഗുഡ്ഗാവിലെ സിയോടഗ് എന്ന സോഫ്ട്‍വെയർ സ്ഥാപനമാണ് ഇവർക്കായി വെബ്സൈറ്റ് നിർമിച്ചു നൽകിയത്. എന്നാൽ തെറ്റായ വിവരങ്ങൾ നൽകി എലൈറ്റ് കബളിപ്പിക്കുകയായിരുന്നെന്നും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും സിയോടഗ് അധികൃതർ വിശദീകരിച്ചു. നാൽപതിലേറെ മലയാളികൾ ഉൾപ്പെടെ നൂറ്റിയൻപതോളം പേരാണ് തട്ടിപ്പിനിരയായത്. സിംഗപ്പുരിലെ അമിഡ്ഗാല നഴ്സിങ് ഹോം, മൈൻഡ് ചന്ദ് സ്കൂൾ, ഓറഞ്ച്‌വാലി നഴ്സിങ് ഹോം തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലാണു തട്ടിപ്പ് നടന്നത്. നഴ്സിങ് വീസയ്ക്കായി 60,000 രൂപയാണ് ഓരോരുത്തരുടെയും കയ്യിൽ നിന്ന് ഈടാക്കിയിരിക്കുന്നത്.

‘സിംഗപ്പുരിലേക്ക് സൗജന്യ റിക്രൂട്മെന്റ്’ എന്ന് പ്രമുഖ തൊഴിൽ പോർട്ടലായ നൗക്കരി ഡോട്ട് കോമിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തവരെ നേരിട്ടു വിളിച്ച് പാസ്പോർട് ഉൾപ്പെടെയുള്ള രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡിജിറ്റൽ ഒപ്പും വാങ്ങി. മൂന്നു ഘട്ടങ്ങളിലായി ടെലിഫോണിലൂടെ ഇന്റർവ്യൂ നടത്തി. ജോലിക്കായി യോഗ്യത നേടിയെന്ന് അറിയിച്ച് ഓഫർ ലെറ്ററും പിന്നാലെ വീസയുടെ പിൻനമ്പറും അയച്ചു. വീസയുടെ ആധികാരികത ബോധ്യപ്പെടുത്താൻ സർക്കാരിന്റേതെന്ന പേരിൽ ചെക്ക് ദ് വീസ ഡോട്ട് കോം എന്ന പേരിൽ വ്യാജ വെബ്സൈറ്റും, റിക്രൂട്മെന്റ് സൈറ്റിനൊപ്പം ലിങ്ക് ചെയ്തിരുന്നു. ഇതിൽ പരിശോധിക്കുമ്പോൾ വീസ ആധികാരികമെന്നു കാണിക്കും. ഇതേ തുടർന്നാണ് ഉദ്യോഗാർഥികൾ പണം നൽകിയത്. എന്നാൽ ചെക്ക് ദ് വീസ ഡോട്ട് കോം എന്ന സൈറ്റും പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us