ബെംഗളൂരു : കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ 22-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി സിപിഐ(എം) ഐടി ബ്രാഞ്ച് ബംഗളൂരുവിൽ യുവ തൊഴിലാളികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു. 2018 മാർച്ച് 4 ന് വൈകീട്ട് 3.00 ന് ബാംഗ്ലൂർ ജയിൻ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും കർണാടക സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ജി വി ശ്രീരാമ റെഡ്ഢി ഉദ്ഘാടനം ചെയ്തു. പ്രമുഖ മാർക്സിസ്റ്റ് ഇക്കണോമിസ്റ്റ് പ്രൊഫ. സി.പി.ചന്ദ്രശേഖർ മുഖ്യാതിഥിയായി. രാജ്യത്തെ ഐടി മേഖല ഉൾപ്പെടെയുള്ള നിരവധി പുതിയ വ്യവസായങ്ങളുടെ കേന്ദ്രമായ ബംഗളുരുവിലെ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കാനും അവരുടെ രാഷ്ട്രീയ, വിപ്ലവ സമരങ്ങളെ നയിക്കാനും സി.പി.ഐ (എം) പ്രതിജ്ഞാബദ്ധമാണ് എന്ന പ്രഖ്യാപനവുമായി നടന്ന യുവ തൊഴിലാളി സമ്മേളനത്തിൽ എഴുന്നൂറോളം യുവ തൊഴിലാളികൾ പങ്കെടുത്തു ….
ഐടി ബ്രാഞ്ച് സെക്രട്ടറി ടി വി സനൂപിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തെ സിപിഐഎം കർണാടക സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ സഖാവ് വി ജെ കെ നായർ, സിഐടിയു കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് മീനാക്ഷി സുന്ദരം, സിഐടിയു കർണാടക സംസ്ഥാന പ്രസിഡന്റ് എസ്. വരലക്ഷ്മി, സിപിഐഎം ബാംഗ്ലൂർ സൗത്ത് ജില്ല സെക്രട്ടറി കെ.എൻ.ഉമേഷ് എന്നിവർ അഭിസബോധന ചെയ്തു സംസാരിച്ചു. ബാംഗ്ലൂരിലെ ബിപിഎൽ സമരത്തിന്റെ ഭാഗമായി 16 വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ച ബിപിഎൽ സമരനായകരായ സഖാവ് ആർ. ശ്രീനിവാസ്, സഖാവ് ടി.കെ.എസ്. കുട്ടി എന്നിവരെ യുവ തൊഴിലാളി സമ്മേളനം ആദരിച്ചു.
ജാതി മത ഭാഷ എന്നിവയ്ക്കതീതമായി തൊഴിലാളി വർഗത്തിന്റെ ഐക്യം ഉയർത്തിപ്പിടിക്കാൻ എല്ലാ തൊഴിലാളികളോടും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബാംഗ്ലൂർ പോലെ ഉള്ള നഗരങ്ങളിൽ രാത്രി കാലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ സുരക്ഷിതത്വത്തെ കുറിച്ച് സമ്മേളനം ആശങ്ക പങ്കു വെച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കണമെന്നു പ്രമേയത്തിലൂടെ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന കർഷക പോരാട്ടങ്ങളോടും അംഗൻവാടി, ഉച്ചഭക്ഷണ പരിപാടി, മറ്റ് പദ്ധതി തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ രാജ്യത്താകെ നടക്കുന്ന തൊഴിലാളി സമരങ്ങളോടും കൺവൻഷൻ പ്രമേയത്തിലൂടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ,എംഎൽസി തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ മുന്നണിപ്പടയായ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാവിശ്യമായ പ്രവർത്ഥനങ്ങളിലേർപ്പെടാൻ യുവ തൊഴിലാളികളോട് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.