ബെംഗളൂരു ∙ മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്കു നഗരത്തിൽ ചുറ്റിയടിക്കാൻ കുറഞ്ഞ നിരക്കിൽ ഇന്നു മുതൽ വാടക സ്കൂട്ടറുകൾ. പ്രമുഖ ബൈക്ക് റെന്റൽ കമ്പനി ‘മെട്രോ ബൈക്സ്’ ആണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനുമായി (ബിഎംആർസിഎൽ) സഹകരിച്ചു 36 മെട്രോ സ്റ്റേഷനുകളിൽ വാടക സ്കൂട്ടർ സ്റ്റേഷനുകൾ സ്ഥാപിച്ചു. കബൺപാർക്ക്, ഹൊസഹള്ളി, എം. വിശ്വേശരയ്യ, ശ്രീരാമപുര സ്റ്റേഷൻ ഒഴികെ നമ്മ മെട്രോയുടെ മറ്റു 36 സ്റ്റേഷനിലും ഇന്നു മുതൽ സ്കൂട്ടർ വാടകയ്ക്കു ലഭിക്കും.
കിലോമീറ്ററിന് അഞ്ച് രൂപ, മിനിറ്റിന് 50 പൈസയും ഈടാക്കും. ജിപിഎസ് ഘടിപ്പിച്ച ഗിയർലസ് സ്കൂട്ടറുകളാണു വാടകയ്ക്കു ലഭിക്കുക. ഇന്ധന ചാർജ് ഉൾപ്പെടെ കിലോമീറ്ററിന് അഞ്ച് രൂപയാണ് വാടക. ഇതിനു പുറമെ ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 പൈസ വീതം നൽകണം. ഹെൽമറ്റ് സൗജന്യമായി ലഭിക്കും. സ്കൂട്ടർ ഉപയോഗത്തിനു ശേഷം മെട്രോ ബൈക്സിന്റെ ഏതെങ്കിലും കേന്ദ്രത്തിൽ ഏൽപ്പിക്കാം.ഇതു സാധിക്കാത്തവർക്കു കമ്പനി നിശ്ചയിച്ചിട്ടുള്ള പാർക്കിങ് ഇടങ്ങളിലും സ്കൂട്ടർ ഏൽപിക്കാം. ജിപിഎസ് സഹായത്തോടെ കമ്പനി ജീവനക്കാർ സ്കൂട്ടർ കണ്ടെത്തി കൊണ്ടുപോകും. ഡ്രൈവിങ് ലൈസൻസ് കൈവശം ഉള്ള ആർക്കും മറ്റു നിക്ഷേപമൊന്നുമില്ലാതെ സ്കൂട്ടർ വാടകയ്ക്കെടുക്കാമെന്നു കമ്പനി അറിയിച്ചു.
മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നവർക്കു തുടർയാത്രയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതിക്കു പരിഹാരം കൂടിയാണു വാടക സ്കൂട്ടറുകൾ.ഗതാഗതക്കുരുക്കിൽ പെടാതെ നഗരത്തിൽ എവിടേക്കും യാത്ര ചെയ്യാൻ ഇതു സഹായിക്കും. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്കൂട്ടറിൽ യാത്ര ചെയ്യാം.മെട്രോ യാത്രക്കാർക്കായി 2016ൽ സ്വകാര്യ കമ്പനി വാടക ബൈക്കുകളുമായി രംഗത്തെത്തിയിരുന്നു.എന്നാൽ അന്നു യാത്രക്കാർ കുറവായിരുന്നതിനാൽ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല. ഇതോടെ ബയ്യപ്പനഹള്ളി ഒഴികെയുള്ള സ്റ്റേഷനുകളിൽ വാടക ബൈക്ക് ലഭ്യമല്ലാതായി.
കഴിഞ്ഞ ജൂൺ മുതൽ നമ്മ മെട്രോ ഒന്നാംഘട്ടത്തിൽ പൂർണതോതിൽ ട്രെയിൻ സർവീസ് തുടങ്ങിയതോടെ പ്രതിദിന യാത്രക്കാർ മൂന്നരലക്ഷത്തിലെത്തി.എന്നാൽ യാത്രക്കാർ കൂടിയതനുസരിച്ച് എല്ലാ സ്റ്റേഷനുകളിലും വേണ്ടത്ര തുടർയാത്രാ സൗകര്യങ്ങൾ ഇല്ലെന്ന പരാതി വ്യാപകമാണ്. ഇത്തരം സാഹചര്യത്തിൽ വാടക സ്കൂട്ടറുകൾക്കു വലിയ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് മെട്രോ ബൈക്സ് അധികൃതർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.