പനജി: പെണ്‍കുട്ടികളുടെ മദ്യപാനത്തിനെതിരെ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോവയിലെ കോളജുകളിലെ ലഹരി ഉപയോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ലെങ്കിലും ആശങ്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു പരീക്കർ.
‘ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയിൽ ഞാൻ പഠിക്കുന്ന സമയത്തും കഞ്ചാവ് ഉപയോഗിക്കുന്ന ചെറുസംഘങ്ങൾ ഉണ്ടായിരുന്നു. ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം. പെൺകുട്ടികൾ ബീയർ ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. പെൺകുട്ടികളുടെ മദ്യപാനം എന്നെ പേടിപ്പെടുത്തുന്നു. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞു’– പരീക്കർ പറഞ്ഞു.
ഗോവയിലെ മയക്കുമരുന്നു മാഫിയകള്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്. 2017 ഓഗസ്റ്റ് മുതൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 170 പേരെ അറസ്റ്റു ചെയ്തു. ഗോവയിലെ യുവാക്കള്‍ക്കു കഠിനാധ്വാനം ചെയ്യാനുള്ള മടിയാണു തൊഴിലില്ലായ്മയ്ക്കു കാരണം. കഠിനാധ്വാനത്തിനു താല്പര്യമില്ലാത്തതിനാല് സർക്കാരിന്റെ എല്‍ഡി ക്ലാര്‍ക്ക് ജോലിക്കു വലിയ ക്യൂ ആണെന്നും പരീക്കർ പറഞ്ഞു.