62 ജഡ്ജിമാർ വേണ്ടിടത്ത് ഉള്ളത് വെറും 24 പേർ; ജഡ്ജിമാരുടെ ഒഴിവു നികത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ നിരാഹാര സമരം തുടങ്ങി.

ബെംഗളൂരു∙ കർണാടക ഹൈക്കോടതിയിൽ ഒഴിവുള്ള ജ‍ഡ്ജിമാരുടെ തസ്തികകൾ നികത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകരുടെ നിരാഹാര സത്യഗ്രഹത്തിനു തുടക്കമായി. 62 ജഡ്ജിമാർ വേണ്ടിടത്ത് 24 പേർ മാത്രമാണുള്ളതെന്നും, 3.20 ലക്ഷം കേസുകൾ തീർപ്പാകാതെ കിടക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. അഭിഭാഷക സമരത്തിനു സംസ്ഥാന സർക്കാരിന്റെ പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈക്കോടതി ഗോൾഡൻ ജൂബിലി ഗേറ്റിനു മുന്നിലെ സമരപ്പന്തൽ സന്ദർശിച്ച് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി ഡി.വി. സദാനന്ദഗൗഡയും മുതിർന്ന ബിജെപി നേതാവ് എസ്. സുരേഷ് കുമാറും സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെയും ശ്രദ്ധയിൽപ്പെടുത്താമെന്നും സദാനന്ദഗൗഡ ഉറപ്പുനൽകി. ദിവസേന രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെയാണ് സമരം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ കോടതികളിൽനിന്ന് ഒരു ദിവസത്തേക്ക് വിട്ടുനിൽക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പു നൽകി. നാളെ അഡ്വക്കറ്റ് ജനറലിനെ കണ്ട് പ്രശ്നം ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

ഹൈക്കോടതിയിൽ ഒഴി‍ഞ്ഞു കിടക്കുന്ന ജഡ്ജിമാരുടെ 61.3% തസ്തികകളിൽ ഉടൻ നിയമനം ആവശ്യപ്പെട്ടുള്ള സമരത്തിന് മുൻ അഡ്വക്കറ്റ് ജനറൽമാരായ ബി.വി. ആചാര്യ, അശോക് ഹാരണഹള്ളി, രവിവർമ കുമാർ, അഡ്വക്കറ്റ്സ് അസോസിയേഷൻ ബെംഗളൂരു പ്രസിഡന്റ് എ.പി. രംഗനാഥ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ കോ ചെയർമാൻ വൈ.ആർ. സദാശിവ റെഡ്ഡി ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകരാണ് നേതൃത്വം നൽകുന്നത്.കർണാടക ബാർ കൗൺസിലിന്റെ കൂടി പിന്തുണയോടെ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് അഭിഭാഷകരാണ് അണിചേർന്നത്.ഏറ്റവുമധികം ഒഴിവുള്ളത് കർണാടകയിൽ

രാജ്യത്ത് ഏറ്റവുമധികം ഹൈക്കോടതി ജഡ്ജിമാരുടെ തസ്തിക ഒഴി‍ഞ്ഞു കിടക്കുന്നത് കർണാടകയിലാണെന്ന് അഭിഭാഷകനായ ഡി.എൽ.എൻ. റാവു പറഞ്ഞു. സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കു മുന്നിൽ ഒട്ടേറെ തവണ ഈ പ്രശ്നം ഉന്നയിച്ചിട്ടും നിയമനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. നിലവിലുള്ള ജഡ്ജിമാരുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന പ്രശ്നമായി ഇതു വളർന്നിരിക്കുന്നു.ജീവിതകാലത്തു പരാതിക്കാരനു നീതി കിട്ടാതെ പോകുന്ന സാഹചര്യം സൃഷ്ടിക്കൽ കൂടിയാണിത്. വിചാരണത്തടവുകാർ ജയിലിൽ തുടരേണ്ടി വരുന്നു. ആയിരക്കണക്കിനു ജാമ്യാപേക്ഷകളും വസ്തു തർക്കകേസുകളും കുന്നുകൂടുന്നു. ഇതു നിയമസംവിധാനത്തെ തന്നെ പ്രതിസന്ധിയിലാക്കും. പ്രതിഷേധവുമായി രംഗത്തിറങ്ങാതെ ഇതിനു പരിഹാരമുണ്ടാകില്ലെന്നു കണ്ടതോടെയാണ് ഇതിനു തുനിഞ്ഞതെന്നും റാവു വിശദീകരിച്ചു.

ജഡ്ജിമാരുടെ എണ്ണം പരിഗണിച്ചാൽ ഇപ്പോഴുള്ള കേസുകൾ തീർപ്പാക്കാൻ 15 വർഷമെങ്കിലും വേണ്ടിവരും. നിലവിലുള്ള 24 ജഡ്ജിമാരിൽ, 16 പേർ ബെംഗളൂരു പ്രിൻസിപ്പൽ ബെഞ്ചിൽ ജോലി ചെയ്യുന്നു. അഞ്ചുപേർ ധാർവാഡ്, മൂന്നു പേർ ഗുൽബർഗ ബെഞ്ചുകളിലും. ഈ വർഷം നാലുപേർ വിരമിക്കും. വർഷാവസാനത്തോടെ 20 ജഡ്ജിമാർ മാത്രമായി അംഗബലം ചുരുങ്ങുന്ന സാഹചര്യമുണ്ടാകും

ബി.വി. ആചാര്യ, മുൻ അഡ്വക്കറ്റ് ജനറൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us