1.5 ജിബിയുടെ 20 സിനിമകൾ സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡ് ചെയ്യാം;ഇനി ലൈഫൈ യുടെ കാലം.

ടെക് ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് ഡേറ്റാ കൈമാറ്റം. അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കാന്‍ ദിവസവും പുതിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇതിനു വേണ്ട അത്യാധുനിക ഉപകരണങ്ങളും ഇറങ്ങുന്നു. നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ഇത്തരമൊരു പരീക്ഷണം ഇന്ത്യയിലും തുടങ്ങി കഴിഞ്ഞു.

കേന്ദ്രസർക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ–ഫൈ പരീക്ഷണം നടത്തിയത്. രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈ–ഫൈ പരീക്ഷിക്കുന്നത്. വരും വർഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാൻ രാജ്യത്ത് അതിവേഗ നെറ്റ്‌വർക്കുകൾ വേണ്ടി വരും. ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുൻകൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈ–ഫൈ പരീക്ഷിക്കാൻ തീരുമാനിച്ചത്.

ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേർന്ന് ഇആർഎൻഇടി ആണ് ലൈ–ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യയിൽ നടന്ന പരീക്ഷണത്തിൽ സെക്കൻഡിൽ 10 ജിബി ഡേറ്റയാണ് കൈമാറാൻ കഴിഞ്ഞത്. എന്നാൽ ലൈ–ഫൈ വഴി സെക്കൻഡിൽ 20 ജിബി വരെ കൈമാറ്റം ചെയ്യാം.

വൈഫൈയുടെ സ്പീഡ് പോരെന്നു തോന്നുന്നവർക്കുള്ള ആദ്യ മറുപടിയാണ് ‘ലൈ-ഫൈ’ (Li-Fi). നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയുടെ ഭാവിയാണ് ലൈഫൈ. നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗതയുടെ നൂറിരട്ടി ലൈ-ഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അതായത് ഏകദേശം 1.5 ജിബിയുടെ 20 സിനിമകൾ കേവലം സെക്കന്റുകൾക്കുള്ളിൽ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ചുരുക്കം!

ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയിൽ ഡേറ്റാ കൈമാറ്റം നടക്കുന്നത്. നിലവിൽ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. പുതിയ വയർലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റിൽ 224 ജിഗാബൈറ്റുകൾ ആണ്. ഇന്റർനെറ്റ്‌ ഉപയോഗത്തിൽ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്.

400 മുതൽ 800 ടെറാഹെർട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികൾ കടക്കാൻ കഴിവില്ലാത്തതുകൊണ്ടു നെറ്റ്‌വർക്ക് കൂടുതൽ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യും.

അത്യന്തം ആകർഷകമാണ് ലൈഫൈ എങ്കിലും ഉടൻ തന്നെ നിലവിലുള്ള വൈഫൈ സാങ്കേതിക വിദ്യയ്ക്ക് പൂർണ്ണമായും പകരക്കാരാൻ ആവില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലൈഫൈ ടെക്നോളജി മികച്ചതാക്കാൻ രണ്ടു വയർലെസ്സ് സിസ്റ്റങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 2011ൽ എഡിൻബെർഗ് സർവകലാശാലയിലെ ഹരാൾഡ് ഹാസ് എന്ന ഗവേഷകൻ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒരു സെല്ലുലാർ ടവർ വഴി വിനിമയം ചെയ്യുന്നതിനേക്കാൾ വേഗം വെറുമൊരു എൽഇഡി ലൈറ്റിലൂടെ വിനിമയം ചെയ്യാൻ കഴിയുമെന്നാണ് ഹാസ് ലോകത്തിനു കാണിച്ചുതന്നത്.

മോഴ്സ് കോഡിനു സമാനമായ രീതിയിലാണ് ലൈഫൈയും പ്രവർത്തിക്കുന്നത്. മോഴ്സ് കോഡ് വിസിബിൾ ലൈറ്റ് കമ്യൂണിക്കേഷൻ (VLC) ആണ് ഉപയോഗിക്കുന്നതെങ്കിലും, സ്പീഡ് മൂലം നഗ്ന ദൃഷ്ടികൾക്ക് കാണാൻ കഴിയില്ല. സ്മാർട്ട് ലൈറ്റിങ് സൊല്യൂഷൻ എന്ന നിലയിലാണ് ഇപ്പോൾ പൈലറ്റ്‌ പ്രൊജക്റ്റ്‌ നടക്കുന്ന ഓഫീസുകളിൽ വെളിച്ചമായി ലൈഫൈ എത്തുന്നത്. ഫ്രഞ്ച് കമ്പനിയായ ഒലെഡ് കോമും ലൈഫൈ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us