ബെംഗളൂരു : ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 13-ാമതു മെൽത്തോ കൺവൻഷൻ ഫെബ്രുവരി രണ്ടു മുതൽ നാലുവരെ ലിംഗരാജപുരം സെന്റ് തോമസ് ടൗണിലെ ഇന്ത്യ ക്യാംപസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടിനു വൈകിട്ട് ആറിനു സന്ധ്യാനമസ്കാരത്തോടെ കൺവൻഷൻ ആരംഭിക്കും. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം നിർവഹിക്കും. ഫാ. ഫിലിപ് തരകൻ തേവലക്കര മുഖ്യപ്രഭാഷണം നടത്തും. മൂന്നിനു വൈകിട്ടു നാലിനു യുവജനങ്ങൾക്കായുള്ള സെമിനാർ. ആറിനു സന്ധ്യാപ്രാർഥന, വചസന്ദേശം.
സമാപനദിനമായ നാലിനു രാവിലെ 7.30നു പ്രഭാതപ്രാർഥന, 8.30നു കുർബാനയ്ക്കു ഡോ. ഏബ്രഹാം മാർ സെറാഫിം മുഖ്യകാർമികത്വം വഹിക്കും. ഫാ. ഫിലിപ് തരകൻ തേവലക്കര വചനപ്രഘോഷത്തിനു നേതൃത്വം നൽകും. സഭയുടെ വിവിധ ചുമതലകൾ വഹിച്ച റവ. ഡോ. എം.ഒ. ജോൺ മഠത്തിൽ, ജോർജ് പോൾ എമ്പശേരിൽ, അഡ്വ. ബിജു ഉമ്മൻ മുരിങ്ങശേരിൽ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഓർത്തഡോക്സ് ഗോസ്പൽ ടീം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.