ബെംഗളൂരു : ബെലന്തൂർ, വർത്തൂർ തടാകങ്ങളിലേക്കും കൈവഴികളിലേക്കും (രാജാകാലുവെ) മാലിന്യം ഒഴുക്കുന്ന 99 അപാർട്മെന്റുകൾ ഉടൻ മലിനജല സംസ്കരണ പ്ലാന്റ് (എസ്ടിപി) സ്ഥാപിക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). സമയബന്ധിതമായി ഇവ സ്ഥാപിക്കുന്നുവെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ഉറപ്പുവരുത്തണം.
തടാകത്തിന്റെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച കർമപദ്ധതി അടിസ്ഥാനമാക്കി, തടാക പരിധിയിലേക്ക് യാതൊരു വ്യവസായ മാലിന്യവും എത്താതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു ട്രൈബ്യൂണൽ ആക്ടിങ് ചെയർപഴ്സൻ യു.ഡി.സാൽവി ആവശ്യപ്പെട്ടു. തടാകത്തിന്റെ സംരക്ഷണത്തിനു സ്വീകരിച്ച നടപടികളെക്കുറിച്ച് സർക്കാർ എല്ലാമാസവും റിപ്പോർട്ട് നൽകണം. അടുത്ത 28നു കേസ് വീണ്ടും പരിഗണിക്കുന്നതിനു മുൻപ് ആദ്യ റിപ്പോർട്ട് സമർപ്പിക്കണം.
എസ്ടിപി സ്ഥാപിക്കാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അപാർട്മെന്റ് പ്രതിനിധികൾ സമർപ്പിച്ച ഹർജിയും ട്രൈബ്യൂണൽ തള്ളി. എസ്ടിപി സ്ഥാപിക്കാനുള്ള സ്ഥലപരിമിതി, സാങ്കേതിക പ്രതിസന്ധി, സാമ്പത്തിക ചെലവ് തുടങ്ങിയ കാരണങ്ങൾ നിരത്തിയെങ്കിലും തടാകമലിനീകരണം പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷം ഇവയെക്കാൾ വലുതാണെന്നു ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. അപാർട്മെന്റിന്റെ ബേസ്മെന്റ് ഉൾപ്പെടെ ലഭ്യമായ സ്ഥലത്ത്, കെട്ടിടത്തിനു ഭീഷണിയാകാത്ത വിധം എസ്ടിപി സ്ഥാപിക്കാൻ കെഎസ്പിസിബി നടപടി സ്വീകരിക്കണം.
ഈയിടെ ഉണ്ടായ തീപിടിത്തം വ്യാപിക്കാൻ കാരണം തടാകത്തിലും സമീപത്തെ ചതുപ്പിലുമുള്ള ചെടികൾ (മാക്രോഫാറ്റ്സ്) ആണെന്നു സംശയും ഉയർന്നിരുന്നു. അതിനാൽ മാക്രോഫാറ്റ്സ് പെരുകുന്നതു തടയാൻ തടാകത്തിലേക്കു മലിനജലം എത്താതിരിക്കണം.മാക്രോഫാറ്റ്സുകളെ ശാസ്ത്രീയമായി ഇല്ലായ്മ ചെയ്യാൻ ഇവയുടെ ജീവിതചക്രം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ പഠനവിധേയമാക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
ഇതിനിടെ എസ്ടിപി നിർബന്ധമായും സ്ഥാപിക്കേണ്ട 99 അപാർട്മെന്റുകളുടെ ലിസ്റ്റ് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണു ബെംഗളൂരുവിലെ അപാർട്മെന്റുകളുടെ അസോസിയേഷൻ.ഈ അപാർട്മെന്റുകൾ തടാകങ്ങളിലേക്കോ, ഇവയുടെ കൈവഴികളിലേക്കോ നേരിട്ടു മാലിന്യം തള്ളുന്നുണ്ടോ എന്നു പരിശോധിക്കും. ബെംഗളൂരു ജലവിതരണ അതോറിറ്റിയുടെ (ബിഡബ്ല്യുഎസ്എസ്ബി) ഭൂഗർഭ അഴുക്കുചാൽ ശൃംഖലയുമായി ബന്ധിപ്പിക്കാത്ത അപാർട്മെന്റുകൾ എസ്ടിപി സ്ഥാപിക്കണമെന്ന നിലപാടാണ് അസോസിയേഷനുമുള്ളത്.
കഴിഞ്ഞവർഷം എൻജിടി നിർദേശത്തെ തുടർന്നു നഗരത്തിലെ 50 ഫ്ലാറ്റിൽ കൂടുതലുള്ള അപാർട്മെന്റുകൾക്കു സർക്കാർ എസ്ടിപി നിർബന്ധമാക്കിയിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞമാസം എസ്ടിപി നിയമത്തിൽ ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഇളവു വരുത്തി. 2016 ജനുവരിക്കു മുൻപു നിർമിച്ച 50 ഫ്ലാറ്റിൽ കൂടുതലുള്ള അപാർട്മെന്റുകൾ എസ്ടിപി സ്ഥാപിക്കേണ്ടതില്ലെന്നായിരുന്നു ഇത്.50ൽ താഴെ ഫ്ലാറ്റുള്ള പുതിയതും പഴയതുമായ അപാർട്മെന്റുകളെയും എസ്ടിപി സ്ഥാപിക്കുന്നതിൽ നിന്നൊഴിവാക്കി. എന്നാൽ ബെലന്തൂർ–വർത്തീർ തടാകങ്ങളിലേക്കു മലിനജലം തള്ളുന്ന 99 അപാർട്മെന്റുകൾക്ക് ഇതൊന്നും സഹായകമാകില്ല.സമയബന്ധിതമായി എസ്ടിപി സ്ഥാപിച്ചില്ലെങ്കിൽ കെഎസ്പിസിബി നടപടിയുണ്ടാകും.