സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും, എല്ലാ സ്കൂളുകളും കോളജുകളും അവധിമൂഡിലായിരുന്നു. ബാംഗ്ലൂർ സർവകലാശാല, വിശ്വേശ്വരായ സാങ്കേതിക സർവകലാശാല തുടങ്ങിയവ ഇന്നു നടത്താനിരുന്ന പരീക്ഷകൾ ഫെബ്രുവരി ആറിലേക്കു മാറ്റിവച്ചിരുന്നു.സർക്കാർ ഓഫിസുകളും ബാങ്കുകളും തുറന്നെങ്കിലും, വേണ്ടത്ര ഹാജരില്ലാതിരുന്നതിനാൽ പ്രവർത്തനങ്ങൾ കാര്യമായി നടന്നില്ല. ടാക്സികൾ നിരത്തിൽനിന്നു വിട്ടുനിന്നു. മാളുകളും ഹോട്ടലുകളും പ്രധാന മാർക്കറ്റുകളും അടഞ്ഞുകിടന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൈസൂരുവിൽ നവകർണാടക പരിവർത്തന റാലിയിൽ പങ്കെടുക്കുന്നതിന്റെയും നരേന്ദ്ര മോദി നാലിനു റാലിയുടെ സമാപനത്തിനു ബെംഗളൂരുവിൽ എത്തുന്നതിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് സർക്കാർ സ്പോൺസർ ചെയ്യുന്ന ബന്ദാണു നടക്കുന്നതെന്നു ശോഭാ കരന്തലാജെ എംപി ആരോപിച്ചു.
മഹാദായി നദിയിൽനിന്നു കലസ, ഭണ്ഡൂരി കനാലുകളിലൂടെ മാലപ്രഭ ഡാമിലേക്കു വർഷം 7.56 ടിഎംസി അടി ജലം ഗോവ വിട്ടുനൽകണമെന്ന് ആവശ്യം ഉന്നയിച്ചു ബെളഗാവി, ധാർവാഡ്, ബാഗൽക്കോട്ട്, ഗദഗ് ജില്ലകളിലെ കർഷകർ കഴിഞ്ഞ മൂന്നു വർഷത്തോളമായി സമരരംഗത്തുണ്ട്. ഇവർക്കു പിന്തുണയുമായാണു രണ്ടായിരത്തോളം സംഘടനകൾ ബന്ദിനിറങ്ങിയത്. വടക്കൻ കർണാടകയിൽ ബന്ദ് പൂർണമായിരുന്നു.
ബെംഗളൂരു മജസ്റ്റിക്ക് കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എക്സ്പ്രസ് തടയാൻ കന്നഡ രക്ഷണ വേദികെയുടെ വനിതാവിഭാഗം പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് വിഫലമാക്കി. നൂറു കണക്കിനു പ്രവർത്തകരാണു ട്രെയിൻ തടയുന്നതിനായി രംഗത്തിറങ്ങിയത്.
ബെംഗളൂരുവിൽനിന്നുള്ള വിമാനസർവീസുകളെയോ, ട്രെയിൻ സർവീസുകളെയോ ബന്ദ് ബാധിച്ചില്ല. മേരു പോലുള്ള വിമാനത്താവള ടാക്സികൾ കൊള്ളനിരക്ക് ഈടാക്കിയതായി പരക്കെ പരാതിയുണ്ട്. നഗരത്തിൽ അപൂർവം ചില ഓട്ടോറിക്ഷകളാണ് ഓടിയത്. കർണാടക ആർടിസി, ബിഎംടിസി സർവീസുകൾ വൈകിട്ടു നാലരയോടെയാണു നിരത്തിലിറങ്ങിയത്.
സംസ്ഥാനത്തെങ്ങും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സിദ്ധരാമയ്യ സർക്കാർ സ്പോൺസർ ചെയ്യുന്ന ബന്ദാണിതെന്ന ബിജെപി വാദവും അദ്ദേഹം തള്ളി. ബെംഗളൂരുവിലെ അവന്യു റോഡിൽ രാവിലെ തുറന്നു പ്രവർത്തിച്ച ചില കടകൾക്കു നേരെ കല്ലേറ് നടന്നു. സമരാനുകൂലികൾ ബലംപ്രയോഗിച്ചാണു വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചതെന്നു ചില വ്യാപാരികൾ പരാതിപ്പെട്ടു. ഹാസനിൽ നിരത്തിൽ ടയറുകളും മറ്റും കത്തിച്ചു വഴിതടസ്സമുണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ധാർവാഡിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെയും ജലവിഭവ മന്ത്രി വിനോദ് പാല്യേക്കറുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. മംഗളൂരു റെയിൽവേ സ്റ്റേഷനിലും കന്നഡ രക്ഷണ വേദികെ പ്രവർത്തകർ ട്രെയിൻ തടയാൻ എത്തിയിരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇടപെട്ട് ഇവരെ നീക്കി. ബെംഗളൂരുവിലെ മാന്യതാ ടെക്ക് പാർക്കിനു മുന്നിലും സമരാനുകൂലികൾ പ്രതിഷേധവുമായി എത്തിയിരുന്നു. വൻകിട ഐടി കമ്പനികളായ ഇൻഫോസിസ്, വിപ്രോ തുടങ്ങിയവ ജീവനക്കാർക്കു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.