ബെംഗളൂരു : വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലെ ഓരോ ദേശത്തിന്റെയും സംസ്കാരത്തിന്റെയും കലയുടെയും തനതുകാഴ്ചകളെ കാൻവാസിലേക്ക് പകർത്തിയവരിൽ സ്കൂൾ വിദ്യാർഥികൾ മുതൽ 80 കഴിഞ്ഞവർ വരെയുണ്ടായിരുന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രമുഖ ശാസ്ത്രഞ്ജനും ഭാരതരത്ന അവാർഡ് ജേതാവുമായ സി.എൻ.ആർ. റാവു നിർവഹിച്ചു. ചിത്രകലാപരിഷത് ജനറൽ സെക്രട്ടറി പ്രഫ. എം.കെ.കമലാക്ഷി, പ്രസിഡന്റ് ഡോ. ബി.എൽ.ശങ്കർ, വൈസ് പ്രസിഡന്റ് ടി.പ്രഭാകർ എന്നിവർ നേതൃത്വം നൽകി.
ചെന്നൈയിലെ ഗവ. ഫൈൻ ആർട്സ് കോളജിൽ നിന്ന് ബിരുദപഠനം കഴിഞ്ഞിറങ്ങിയ ദിവാഹർ മനോഹർ ചാർക്കോൾ കൊണ്ടുള്ള ചിത്രങ്ങളുമായാണ് എത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നൂറിലധികം ചിത്രങ്ങൾ ചാർക്കോളിൽ മാത്രം മനോഹർ ഒരുക്കി. കോയമ്പത്തൂരിൽ നിന്നെത്തിയ കലാകാരൻമാരുടെ സംഘം ഓയിൽ, മ്യൂറൽ, അക്രലിക്, വാട്ടർ കളർ എന്നിവയിലൊരുക്കിയത് തമിഴ്നാട്ടിലെ ഗ്രാമീണ ജീവിതങ്ങളുടെ യഥാർഥ്യങ്ങളാണ്. വേലു, സതീഷ്, ഹരിദാസ്, മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് മേളയ്ക്കെത്തിയത്. കത്രിഗുപ്പയിൽ നിന്ന് അഞ്ചാംക്ലാസുകാരൻ ജി.എം.അർജുൻ വാട്ടർകളറിലൊരുക്കിയ നഗരക്കാഴ്ചകളുമായാണ് എത്തിയത്.
തൽസമയ കാരിക്കേച്ചർ രചയിതാക്കൾക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. മുന്നിലിരിക്കുന്നവരുടെ രൂപം ചുരുങ്ങിയ സമയം കൊണ്ട് കടലാസിൽ പകർത്താനുള്ള തിരക്കിലായിരുന്നു ഏറെ പേരും. പൈതൃക നഗരക്കാഴ്ചകൾ, നാടൻ കലാരൂപങ്ങൾ, ഇന്ത്യൻ ഗ്രാമീണ കാഴ്ചകൾ, സമ്പന്നതയും ദാരിദ്ര്യവും ചേരുന്ന സാമൂഹിക കെട്ടുപാടുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ ഭാവങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ വിഷയങ്ങളാണ് കലാകാരൻമാർ തങ്ങളുടെ സൃഷ്ടികളിലൂടെ ഒരുക്കിയത്. ഭിന്നശേഷിയുള്ളവർക്കായി ചിത്രകലാപരിഷത്തിൽ തന്നെ പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിരുന്നു.
ചിത്രസന്തേയിൽ മലയാളി കലാകാരൻമാരും വരയിൽ വിസ്മയം തീർത്തു. രാമമൂർത്തിനഗറിൽ താമസിക്കുന്ന കോട്ടയം സ്വദേശി ടി.വി. രാജുവിന്റെ ചിത്രങ്ങളിൽ ഗാനഗാന്ധർവൻ യേശുദാസിന്റെ ഓയിൽ പെയിന്റിങ്ങാണ് ഏറെ പേരെ ആകർഷിച്ചത്. രാമമൂർത്തിനഗറിൽ ആർട്സ് സ്കൂൾ നടത്തുന്ന ഇദ്ദേഹം സന്തേയിലെ സ്ഥിരം സാന്നിധ്യമാണ്. തലശേരി പിണറായി സ്വദേശിയായ ദീപൻ കോളാട് വിവിധ വിഷയങ്ങൾ പ്രമേയമാക്കിയുള്ള ചിത്രങ്ങളാണ് ഒരുക്കിയത്.
കോയമ്പത്തൂരിൽ പരസ്യരംഗത്ത് പ്രവർത്തിക്കുന്ന തൃശൂർ സ്വദേശിയായ തോംസൺ ആദ്യമായാണ് സന്തേയിൽ പങ്കെടുക്കാനെത്തുന്നത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ കാഞ്ഞങ്ങാട് സ്വദേശി രമേശ് രണ്ടാംതവണയാണ് സന്തേയിൽ എത്തുന്നത്. ബെംഗളൂരുവിലെ ചിത്രകലാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ കണ്ണൂർ സ്വദേശി എബി ജോസഫ് ചിത്രകല പഠിക്കുന്ന വിദ്യാർഥികളുടെ രചനകളുമായാണ് പ്രദർശനത്തിനെത്തിയത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്ന് 35 വർഷം മുൻപ് പഠനം പൂർത്തിയാക്കിയ തലശേരി സ്വദേശിനി സൂര്യപ്രഭ ഏറെക്കാലത്തെ വിദേശവാസത്തിന് ശേഷമാണ് വീണ്ടും ചിത്രകലാരംഗത്തേക്ക് മടങ്ങിവന്നത്. മാഹി കലാഗ്രാമത്തിൽ നിന്നുള്ള ഗ്രീഷ്മയുടെ ശേഖരത്തിൽ മ്യൂറൽ ചിത്രങ്ങളാണ് ഏറെയും. മലയാള, കന്നഡ സിനിമകളിലെ സജീവസാന്നിധ്യമായ നടി ജെന്നിഫർ ആന്റണി ആറാം വർഷമാണ് സന്തേയിൽ പങ്കെടുക്കുന്നത്.
വൈകല്യത്തെ അതിജീവിച്ച് ചിത്രരചനയിൽ സ്വന്തം വഴി തുറന്ന പയ്യന്നൂർ സ്വദേശികളായ സുനിത തൃപ്പാനിക്കരയും പി.പി.മഹേഷും വടക്കൻ മലബാറിലെ ഗ്രാമീണ കാഴ്ചകളുമായാണ് എത്തിയത്. തെയ്യം പ്രമേയമാക്കിയ ചിത്രങ്ങളാണ് മഹേഷിന്റെ സ്റ്റാളിൽ നിറഞ്ഞതെങ്കിൽ പരിസ്ഥിതി വിഷയങ്ങളാണ് സുനിതയുടെ ചിത്രങ്ങളിൽ ഏറെയും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.