മലയാളികളെ വഴിയാധാരമാക്കാന്‍ ഉറപ്പിച്ച് റെയില്‍വേ;ഏറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഇനി ബെംഗളൂരു സിറ്റിയിലേക്കില്ല;

ബെംഗളൂരു : പുതുവർഷത്തിൽ ബെംഗളൂരു മലയാളികൾക്കു ചതിയായി എറണാകുളത്തുനിന്നുള്ള രണ്ടു ട്രെയിനുകൾ ബാനസവാടിയിലേക്ക് മാറ്റി. എറണാകുളം–ബെംഗളൂരു സൂപ്പർഫാസ്റ്റ് (12683–84, 22607–08) ട്രെയിൻ നാളെ മുതൽ നഗരത്തിൽ പ്രവേശിക്കില്ല. ഞായർ (220607–08), തിങ്കൾ–ബുധൻ (12683–84) ദിവസങ്ങളിൽ എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ ഇനി മുതൽ ബാനസവാടിയിൽ യാത്ര അവസാനിപ്പിക്കും.മജസ്റ്റിക്, കന്റോൺമെന്റ് സ്റ്റേഷൻ ഒഴിവാക്കുന്ന ട്രെയിനുകൾക്കു ബെംഗളൂരുവിൽ കെആർ പുരത്തു മാത്രമേ ഇനി സ്റ്റോപ്പുള്ളൂ. ഓഫിസ് ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ നാട്ടിൽനിന്നുള്ള ആയിരക്കണക്കിനു മലയാളികൾക്കു തിരിച്ചടിയാകുന്ന ടെർമിനൽ മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന എറണാകുളം–ബെംഗളൂരു സൂപ്പർഫാസ്റ്റ് ട്രെയിൻ പുലർച്ചെ 3.40നു കന്റോൺമെന്റിലും 4.15നു മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നു. ഈ സമയത്ത് ഇവിടെനിന്നു വെബ്ടാക്സികളും പ്രീപെയ്ഡ് ഓട്ടോറിക്ഷകളും ഉള്ളതിനാൽ തുടർയാത്ര ബുദ്ധിമുട്ടായിരുന്നില്ല. അൽപം കാത്തിരിക്കുന്നവർക്കു തൊട്ടടുത്ത റോഡിൽനിന്നു ബിഎംടിസി ബസുകളിലോ മെട്രോ ട്രെയിനിലോ താമസസ്ഥലത്തേക്കു പോകാം. വൈകിട്ട് 6.45നു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്നുള്ള മടക്കയാത്രയിലും ഈ സ്റ്റേഷനുകളിലെത്തി ട്രെയിൻ പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

എറണാകുളത്തുനിന്നുള്ള ഈ ട്രെയിനുകൾ ഇനിമുതൽ പുലർച്ചെ 3.25നു കെആർ പുരത്തും 4.05നു ബാനസവാടിയിലും എത്തും. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനിൽ ഇറങ്ങുന്നവർ ഓട്ടോഡ്രൈവർമാരുടെ ചൂഷണത്തിന് ഇരയാകുമോ എന്ന് വ്യാപകമായി ആശങ്കയുണ്ട്. ബസ് സർവീസുള്ള റോഡിൽ എത്തണമെങ്കിൽ സ്റ്റേഷനിൽ നിന്ന് ഒരുകിലോമീറ്റർ നടക്കണം. മാത്രമല്ല രാവിലെ അ‍ഞ്ചിനു ശേഷമേ ബിഎംടിസി ബസ് സർവീസുകൾ ലഭ്യമാകൂ. ജയനഗർ, ജെപി നഗർ, ജാലഹള്ളി, ഇലക്ട്രോണിക് സിറ്റി, മഡിവാള തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ടവർക്ക് ഓട്ടോ–ടാക്സി ചാർജ് ഇനത്തിൽ നല്ല തുക ചെലവാകും.

പുലർച്ചെ ബെംഗളൂരുവിൽ എത്തുമെന്നതിനാൽ ഓഫിസ് ജോലിക്കാരും വിദ്യാർഥികളുമാണ് ഈ ട്രെയിനുകളെ കൂടുതലായി ആശ്രയിച്ചിരുന്നത്.  പ്ലാറ്റ്ഫോം ഒഴിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു ട്രെയിൻ ബാനസവാടിയിലേക്കു മാറ്റിയത്. ആയിരക്കണക്കിനു മലയാളികളെ ബാധിക്കുന്ന പ്രശ്നമായിട്ടും കേരള സർക്കാർ പ്രശ്നത്തിൽ കാര്യമായി ഇടപെട്ടിട്ടില്ലെന്നും ആരോപണമുണ്ട്. ബാനസവാടിയിലേക്കു മാറ്റുന്നതിനു പകരം ട്രെയിൻ ബെംഗളൂരു വഴി മൈസൂരുവിലേക്കു നീട്ടണം എന്നാവശ്യപ്പെട്ട് മലയാളി സംഘടനകൾ നിവേദനം നൽകിയെങ്കിലും റെയിൽവേ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബാനസവാടിയിലേക്കു മാറ്റുന്ന ട്രെയിനുകൾക്കു ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് ‘അനുഭാവപൂർവം പരിഗണിക്കാ’മെന്ന ഒഴുക്കൻ മറുപടിയാണു ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us