പുതുവർഷാഘോഷത്തിന് ഒരുങ്ങി ബെംഗളൂരു;അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ എങ്ങും കനത്ത ജാഗ്രത;രാത്രി 2 മണി വരെ ബാറുകള്‍ പ്രവര്‍ത്തിക്കും;എല്ലാ മേല്‍പാലങ്ങളും അടച്ചിടും;

ബെംഗളൂരു : കനത്ത സുരക്ഷയിൽ പുതുവർഷാഘോഷത്തിന് ഒരുങ്ങി ബെംഗളൂരു. സുരക്ഷിതവും സമാധാനപരവും സന്തോഷകരവുമായ ആഘോഷം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി. എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച്സ്ട്രീറ്റ്, ഇന്ദിരാനഗർ, കോറമംഗല, ബസനഗുഡി എന്നിവിടങ്ങളെല്ലാം പുതുവർഷരാവിൽ പൂരപ്പറമ്പിനു സമാനമാകും. റോഡ് നിർമാണത്തിനായി അടച്ചിട്ടിരുന്ന ചർച്ച് സ്ട്രീറ്റ് റോഡ് ഇന്നു തുറക്കുമെന്നു മഹാനഗരസഭ(ബിബിഎംപി) മേയർ ആർ. സമ്പത്ത്‌രാജ് ഉറപ്പു നൽകിയിട്ടുണ്ട്.

പുലർച്ചെ വരെ നീളുന്ന ആഘോഷത്തിന്റെ രസം കെടാതിരിക്കാൻ നമ്മ മെട്രോ പുലർച്ചെ രണ്ടുവരെ സർവീസ് നടത്തും. എംജി റോഡിന്റെ പരിസരത്ത് ഇന്നു രാത്രി എട്ടു മുതൽ രണ്ടുവരെ വാഹനഗതാഗതം നിരോധിക്കും. ഹെബ്ബാൾ ഫ്ലൈഓവർ ഒഴികെ നഗരത്തിലെ മേൽപ്പാലങ്ങളെല്ലാം രാത്രി ഒൻപതു മുതൽ നാളെ രാവിലെ ആറു വരെ അടച്ചിടും. നഗരത്തിലെ ദേവാലയങ്ങളിൽ പുതുവർഷത്തെ വരവേറ്റ് ഇന്നു രാത്രി പ്രത്യേക ശുശ്രൂഷകൾ നടക്കും.

കനത്ത സുരക്ഷ കഴിഞ്ഞ വർഷം പുതുവർഷാഘോഷത്തിനിടെ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ ഉണ്ടായ സംഭവം ആവർത്തിക്കില്ലെന്നാണു പൊലീസിന്റെ ഉറപ്പ്. സുരക്ഷയുടെ ഭാഗമായി 15000 പൊലീസ് ഉദ്യോഗസ്ഥർ, 500 ഹൊയ്സാല– 250 ചീറ്റാ പട്രോളിങ് വാഹനങ്ങൾ, ഹൈ ഡെഫിനിഷൻ സിസി ക്യാമറകൾ എന്നിവയ്ക്കു പുറമെ എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച്സ്ട്രീറ്റ് ഭാഗങ്ങളിൽ കൂടുതൽ വഴിവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

മൊബൈൽ കൺട്രോൾ റൂമുകൾ, വാച്ച് ടവറുകൾ, ഡ്രോൺ ക്യാമറ, നൈറ്റ്‌ വിഷൻ ബൈനോക്കുലർ തുടങ്ങിയവയും ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നവരെ നിരീക്ഷിക്കാനുണ്ടാകും. 500 വനിതാ പൊലീസ് ഉൾപ്പെട്ട സംഘത്തിൽ അത്യാഹിത സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച 150 പേരുടെ ബറ്റാലിയനും ഉൾപ്പെടും. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും നഗരത്തിൽ പരിശോധന നടത്തുന്നുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ ട്രാഫിക് പൊലീസ് രാത്രി ഒൻപതു മുതൽ പരിശോധന കർക്കശമാക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ടി. സുനീൽ കുമാർ പറഞ്ഞു.

∙ ഗതാഗത നിയന്ത്രണം എംജി റോഡിൽ അനിൽകുംബ്ലെ സർക്കിൾ മുതൽ മേയോഹാൾ ജംഗ്ഷൻ വരെയും ബ്രിഗേഡ് റോഡിൽ ഓപെറ ജംഗ്ഷൻ വരെയും രാത്രി എട്ടു മുതൽ രണ്ടുവരെ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് ഒഴികെയുള്ള വാഹനങ്ങൾക്കു പ്രവേശനമില്ല. ചർച്ച്സ്ട്രീറ്റ്, കാമരാജ് റോഡ്, റെസിഡൻസി ക്രോസ് റോഡ് എന്നിവിടങ്ങളിലും മ്യൂസിയം റോഡിൽ എംജി റോഡ് ജംഗ്ഷൻ മുതൽ ഓൾഡ് മദ്രാസ് ബാങ്ക് റോഡ് വരെയും, റസ്റ്റ്ഹൗസ് റോഡിൽ മ്യൂസിയം റോഡ് ജംഗ്ഷൻ മുതൽ ബ്രിഗേഡ് റോഡ് വരെയും ഈ സമയങ്ങളിൽ ഗതാഗതം പൂർണമായും നിരോധിക്കും.

ഇതുവഴി വരുന്ന വാഹനങ്ങൾ രാത്രി എട്ടിനു ശേഷം കബ്ബൺറോഡ്, ട്രിനിറ്റി സർക്കിൾ, അൾസൂർ റോഡ്, ഡിക്കിൻസൻ റോഡ് എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടും. കബ്ബൺറോഡ്, റെസിഡൻസി റോഡ്, റിച്ചമണ്ട് റോഡ്, ഇൻഫൻട്രി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, ഇന്ദിരാനഗർ 100ഫീറ്റ് റോഡ്, എംജി റോഡ്, സെന്റ് മാർക്സ് റോഡ്, മക്‌ഗ്രാത്ത് റോഡ്, ഡിസ്പെൻസറി റോഡ് എന്നിവിടങ്ങളിലെല്ലാം ഇന്നു വൈകിട്ട് നാലു മുതൽ പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.

∙ ശ്രദ്ധിക്കാം –നമ്മ മെട്രോ സർവീസ് പുലർച്ചെ രണ്ടുവരെ. രാത്രി 11നു ശേഷം ടിക്കറ്റ് നിരക്ക് 50 രൂപ. –എംജി റോഡിലും പരിസരങ്ങളിലും വൈകിട്ട് നാലു മുതൽ പാർക്കിങ് അനുവദിക്കില്ല. –എംജി റോഡ്, ബ്രിഗേഡ് റോഡ്, മ്യൂസിയം റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ രാത്രി എട്ടിനു ശേഷം വാഹനങ്ങൾക്കു പ്രവേശനമില്ല. –ഹെബ്ബാൾ ഫ്ലൈഓവർ ഒഴികെയുള്ള മേൽപ്പാലങ്ങൾ രാത്രി ഒൻപതിനു ശേഷം അടച്ചിടും. –അവശ്യഘട്ടത്തിൽ പൊലീസിന്റെ 100 എന്ന ഹെൽപ്‌ലൈൻ നമ്പരിൽ വിളിച്ചാൽ അതിവേഗം സഹായം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us