അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് ബസുകൾ നഗരത്തിന്റെ റോഡുകൾ കീഴടക്കുന്ന കാലം വിദൂരമല്ല;3 കൊല്ലം മുൻപ് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബസ് ഓടിച്ച ബിഎംടിസി പുതിയ 150 ബസുകൾ വാങ്ങാൻ തയ്യാറെടുക്കുന്നു.

ബെംഗളൂരു : നഗര ഗതാഗതത്തിനായി കേന്ദ്രസഹായത്തോടെ 150 ഇലക്ട്രിക് ബസുകൾ (ഇ–ബസ്) വാങ്ങാൻ ബിഎംടിസി പദ്ധതി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നു ബിഎംടിസി എംഡി പൊന്നുരാജ് പറഞ്ഞു. ‌ഓർഡർ നൽകിയാൽ 3–4 മാസത്തിനകം ഇ–ബസ് ലഭിക്കുമെങ്കിലും ഇതിനു മുന്നോടിയായുള്ള നടപടികൾ പൂർത്തിയാകാൻ സമയമെടുത്തേക്കും. ബസ് വാങ്ങുന്നതിലെ വൻ സാമ്പത്തിക ചെലവാണ് പ്രധാന തടസ്സം.

നാഷനൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ (എൻഇഎംഎംപി) 2020ൽ പെടുത്തി ഓരോ ഇ–ബസിനും 85 ലക്ഷം രൂപ വീതം കേന്ദ്രസഹായം ലഭിക്കും. ബസിൽ ഇന്ത്യയിൽ നിർമിക്കുന്ന സ്പെയർ പാർട്സ് 35 ശതമാനമെങ്കിലും ഉപയോഗിച്ചാൽ 15 ലക്ഷം രൂപ അധികസഹായവും ലഭിക്കും.

ഇതനുസരിച്ച് ഓരോ ബസിനും ഒരു കോടി വീതം 150 കോടി രൂപ കേന്ദ്രസഹായം ലഭ്യമാക്കാനാകും. എന്നാൽ, രണ്ടു മുതൽ രണ്ടേകാൽ കോടി രൂപ വരെയാണ് ഒരു ഇ–ബസിന്റെ വില. ബാറ്ററിയുടെ ശേഷി അനുസരിച്ച് ബസിന്റെ വില കൂടും. ദിവസം കുറഞ്ഞതു 150 കിലോമീറ്റർ സർവീസ് നടത്തിയാലേ ഇ–ബസ് ലാഭകരമാവുകയുള്ളു. അതിനാൽ ഉയർന്ന ബാറ്ററി ശേഷിയുള്ള ബസ് വാങ്ങേണ്ടിവരും.

മലിനീകരണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇ–ബസുകൾ നഗരത്തിന് അത്യാവശ്യമാണെന്നു പൊന്നുരാജ് പറഞ്ഞു. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യുന്നതിനു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചതും പദ്ധതിക്ക് ഊർജമേകും.

2014 ഫെബ്രുവരിയിൽ, ഇന്ത്യയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസ് ഓടിച്ച ബിഎംടിസി 150 ബസുകൾ വാങ്ങാൻ കഴിഞ്ഞ വർഷമാണ് അനുമതി നൽകിയത്. അന്തരീക്ഷ മലിനീകരണം, അറ്റകുറ്റപ്പണി എന്നിവ വളരെ കുറവാണെങ്കിലും ഉയർന്ന വിലയാണ് കൂടുതൽ ബസുകൾ ഇറക്കാൻ തടസ്സമായിരുന്നത്.

ഒരു ഇലക്ട്രിക് ബസിനു മൂന്നു കോടി രൂപയായിരുന്നു അന്നത്തെ വില. 75 ലക്ഷത്തോളം രൂപ വില കുറഞ്ഞതിനൊപ്പം കേന്ദ്രസഹായം കൂടി ലഭിക്കുമെന്ന സാഹചര്യത്തിലാണ് ഇ–ബസുകൾ വാങ്ങാനുള്ള പദ്ധതി പുനരാരംഭിക്കാൻ ബിഎംടിസി തീരുമാനിച്ചത്.

ബിഎംടിസിയുടെ ഡീസൽ ബസുകൾ പ്രതിവർഷം 30 ടൺ കാർബൺഡയോക്സൈഡാണ് പുറംതള്ളുന്നത്. ഇവയ്ക്കു പകരം ഇ–ബസുകൾ ഉപയോഗിച്ചാൽ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us