ഫുട്ബോളിൻ്റെ മക്കയായ് വഴ്ത്തുന്ന , കാൽപന്തുകളിയിലെ ആവേശവും ആരവങ്ങളും സിരകളിൽ തുളുമ്പി കേരളത്തിലെ ഫുട്ബോളിൻ്റെ ഹൃദയം എന്നറയപ്പെടുന്ന മലപ്പുറത്തിൻ്റെ മണ്ണിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലേക്ക് ഒരു തരോദയം …….
തിരൂരിൻ്റെ മണ്ണിൽ കാൽപന്തുകളിയിലെ ആദ്യാക്ഷരങ്ങൾ കുറിച്ച് SAT ( Sports Academy Tirur) ൽ കളിച്ചു വളർന്ന ‘ ‘അബ്ദുൽ ഹക്കു’ ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യുടെ സെൻട്രൽ ബാക്ക് പൊസിഷനിൽ കളത്തിൽ ഇറങ്ങിക്കഴിഞ്ഞു , ഡി എസ് കെ ശിവാജിയൻസ് എന്ന പൂനൈ യൂത്ത് ടീമിലിടം നേടി തൻ്റെ പ്രൊഫഷണൽ ഫുട്ബോൾ ആരംഭിച്ച ഹക്കു അതേ സീനിയർ ടീമിലും , മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിലും കളിച്ചിരുന്നു, കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൻ്റെ ഐ ലീഗ് സെക്കണ്ട് ഡിവിഷൻ ടീമിലുണ്ടായിരുന്ന ഹക്കുവിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇത്തവണ ഡ്രാഫിലെടുക്കുകയായിരുന്നു , യുവതാരങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹക്കുവിനു നല്ലൊരു തുടക്കം നൽകും……
കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് , ജങ്ഷഡ്പൂരിനെ നേരിട്ടപ്പോൾ ആദ്യ ഇലവനിൽ തന്നെ ഇടം നേടുകയും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു ഈ ഇരുപത്തിരണ്ടുകാരൻ , ടി്.പി രഹനേഷെന്ന മലയാളി ഗോൾക്കീപ്പർക്കു മുന്നിൽ ഭംഗിയായി സെൻട്രൽ ബാക്ക് പൊസിഷനിൽ തിളങ്ങി നിന്നു അബ്ദുൽ ഹക്കു , കളിയിലെ മികച്ച എമേർജിങ് പ്ലയർ അവാർഡും നേടി ആദ്യ മത്സരത്തിൽ തന്നെ .
മത്സരശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ജാവോ ഡി ഡിയസ് താരത്തെ വാനോളം പുകഴ്ത്തുകയും , ഇന്ത്യൻ ടീമിൽ ഹക്കുവിനു ശോഭനമായ ഒരു ഭാവി കാണുന്നുണ്ടെന്നും, രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിൽ വലിയൊരു പേരുകളിലൊന്നായ് ഹക്കു മാറും , അവൻ്റെ വളർച്ചക്കാവശ്യമായ അവസരങ്ങൾ കൊടുക്കുമെന്നും കോച്ച് പറയുകയുണ്ടായി…..
വരും ദിനങ്ങളിലെ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു ടീമിലെ സ്ഥിരം സാന്നിധ്യമാവാൻ സാധിക്കട്ടെ ഈ മലയാളി താരത്തിന്.
ഇന്ത്യൻ ഫുട്ബോളിൻ്റ വൻമതിൽ ആയി വളർന്ന സന്ദേഷ് ജിങ്കനെ പോലെ , ഐ എസ് എൽ വഴി അറിയപ്പെട്ട ജെറിയപ്പോലെ അബ്ദുൽ ഹക്കുവും ദേശീയ ടീമിലിടം നേടി വളർന്നു വരുന്ന ഇന്ത്യൻ ഫുട്ബോളിനൊരു മുതൽകൂട്ടാവട്ടെ എന്നാശംസിക്കാം…….