ബെംഗളൂരു: കൂട്ടപ്പരിച്ചുവിടലിനെത്തുടർന്നുള്ള ഐ.ടി. മേഖലയിലെ ആശങ്ക അകലുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിെട ആറ് പ്രമുഖ ഐ.ടി. കമ്പനികളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടത് 4157 പേർക്കാണ്. കഴിഞ്ഞ ഏപ്രിൽമുതൽ സെപ്റ്റംബർവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 60,000-ത്തോളം പേർക്ക് പുതുതായി ജോലിലഭിച്ച സാഹചര്യത്തിലാണിത്. ഐ.ടി. വ്യവസായ കൂട്ടായ്മയായ നാസ്കോം നടപ്പുസാമ്പത്തികവർഷം ഒന്നരലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കണക്കുകൾ കണക്കുകൾ ആശങ്കനിറഞ്ഞതാണെന്ന് ഐ.ടി. രംഗത്തുള്ളവർ പറയുന്നു.
കൂട്ടപ്പിരിച്ചുവിടൽ ഭീഷണി ഐ.ടി. ഹബ്ബായ ബെംഗളൂരുവിനെയാണ് കൂടുതലായും ബാധിച്ചത്. കർണാടകത്തിൽ ഐ.ടി. മേഖലയിൽ 40 ലക്ഷത്തോളം പേർ ജോലിചെയ്യുന്നുണ്ട്. ബെംഗളൂരുവിൽ മാത്രം 15 ലക്ഷത്തോളം വരും. പ്രമുഖ കമ്പനികൾ തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചെറുതും വലുതുമായ നിരവധി കമ്പനികൾ തൊഴിൽ നഷ്ടപ്പെട്ടവരുടെ വ്യക്തമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാർച്ച് മുതൽ ഐ.ടി. മേഖലയിൽനിന്ന് 56,000-ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ.
ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരേ കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളൂരുവിൽ ഐ.ടി. മേഖലയിലെ ജീവനക്കാർ കർണാടക ഐ.ടി., ഐടീസ് എംപ്ലോയീസ് യൂണിയൻ രൂപവത്കരിച്ചിരുന്നു. ഐ.ടി. രംഗത്ത് തൊഴിലാളി യൂണിയൻ രൂപവത്കരിക്കുന്നതിൽ നിലനിൽക്കുന്ന അപ്രഖ്യാപിത വിലക്ക് മറികടന്നാണ് ജീവനക്കാർ സംഘടിച്ചത്. ജീവനക്കാരെ അകാരണമായി പിരിച്ചുവിടുന്നത് തടയുകയായിരുന്നു ലക്ഷ്യം.
കർണാടക സർക്കാറും പ്രശ്നത്തിൽ ഇടപെട്ടതിനെത്തുടർന്ന് പ്രതിസന്ധിക്ക് അയവുവന്നെങ്കിലും പുറത്തുവന്ന കണക്കുകൾ ആശങ്കയ്ക്കിടയാക്കുന്നതാണ്. പ്രമുഖ ഐ.ടി. കമ്പനികളായ കോഗ്നിസന്റ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ., ടെക് മഹീന്ദ്ര, ടി.സി.എസ്. എന്നീ കമ്പനികളിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ മാർച്ചിൽ ഈ കമ്പനികളിൽ 12,47,934 ജീവനക്കാരുണ്ടായിരുന്നത് സെപ്റ്റംബറായതോടെ 12,43,777 ആയി കുറഞ്ഞുവെന്നാണ് കണക്ക്.
അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണം, കമ്പനികളുടെ ചെലവുചരുക്കൽ, ഓട്ടോമേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയാണ് ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഓട്ടോമേഷൻ ജോലിസാധ്യത ഇല്ലാതാക്കില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. സോഫ്റ്റ്വേർ ഡെവലപ്മെന്റ്, സപ്പോർട്ടിങ് എന്നീ മേഖലകളിൽ ഓട്ടോമേഷൻ നടപ്പാക്കാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. അതേസമയം, 2025 ആകുമ്പോഴേക്കും ഐ.ടി. രംഗത്ത് പുതുതായി 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് നാസ്കോം അവകാശപ്പെടുന്നത്. എക്സിക്യൂട്ടീവ് സേർച്ച് സ്ഥാപനമായ ഹെഡ് ഹണ്ടേഴ്സ് ഇന്ത്യയുടെ കണക്കുപ്രകാരം അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഒന്നരലക്ഷത്തോളം പേർക്ക് ഐ.ടി. മേഖലയിൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.