ബെംഗളൂരു ∙ കർണാടകയിൽ ഭൂമി–വസ്തു റജിസ്ട്രേഷനു വേണ്ടി ഇനി സബ്–റജിസ്ട്രാർ ഓഫിസിൽ കാത്തു കിടക്കേണ്ട. അപേക്ഷ നൽകൽ, ഫീസ് അടയ്ക്കൽ, രേഖകൾ സമർപ്പിക്കൽ തുടങ്ങി റജിസ്ട്രേഷൻ സംബന്ധമായ ഇടപാടുകളെല്ലാം ഓൺലൈൻ വഴി നടത്താം. തുടർന്ന് ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന സമയത്തു സബ്–റജിസ്ട്രാർ ഓഫിസിൽ നേരിട്ടെത്തുക. ഓൺലൈൻ വഴി സമർപ്പിച്ച രേഖകൾ ശരിയെന്നു ബോധ്യപ്പെട്ടാൽ 12 മിനിറ്റിനുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കാം. സർട്ടിഫിക്കറ്റിന്റെ പകർപ്പും അന്നുതന്നെ ലഭിക്കും.
സബ് റജിസ്ട്രാർ ഓഫിസ് പലവട്ടം കയറിയിറങ്ങി ആഴ്ചകൾകൊണ്ടു നടത്തിയിരുന്ന റജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ വഴി മൂന്നുദിവസംകൊണ്ടു പൂർത്തിയാക്കാം.നിലവിൽ നേരിട്ടുള്ള റജിസ്ട്രേഷനു രണ്ടാഴ്ചയോളം എടുക്കാറുണ്ട്. സമയലാഭത്തിനു പുറമേ സബ് റജിസ്ട്രാർ ഓഫിസുകളിലെ ക്രമക്കേടുകൾ ഇല്ലാതാക്കി വരുമാനച്ചോർച്ച തടയാനും ഇടനിലക്കാരുടെ ചൂഷണം, ഭൂമി റജിസ്ട്രേഷനിലെ തട്ടിപ്പ് എന്നിവയിൽനിന്നു ജനങ്ങളെ രക്ഷിക്കാനും ഓൺലൈൻ സംവിധാനം സഹായിക്കുമെന്നാണു കണക്കുകൂട്ടൽ.
സ്റ്റാമ്പ്സ് ആൻഡ് റജിസ്ട്രേഷൻ വകുപ്പു പുറത്തിറക്കിയ കർണാടക വാല്യുവേഷൻ ആൻഡ് ഇ–റജിസ്ട്രേഷൻ (കാവേരി) വെബ്സൈറ്റാണു ഭൂമി റജിസ്ട്രേഷൻ എളുപ്പമാക്കുന്നത്.വെബ്സൈറ്റിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യഘട്ടം. തുടർന്ന് ഈ അക്കൗണ്ട് വഴി അപേക്ഷയും റജിസ്ട്രേഷൻ സംബന്ധമായ രേഖകളുമെല്ലാം അപ്ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യുക. അപേക്ഷ സമർപ്പിക്കുന്നതുമുതൽ ഓരോഘട്ടത്തിലും ഇതിന്റെ പുരോഗതി സംബന്ധിച്ച എസ്എംഎസ് സന്ദേശം അപേക്ഷകന്റെ മൊബൈൽ ഫോണിൽ ലഭിച്ചുകൊണ്ടിരിക്കും. റജിസ്ട്രേഷനു മുന്നോടിയായുള്ള നടപടികളെല്ലാം പൂർത്തിയാക്കിയാൽ സബ് റജിസ്ട്രാർ ഓഫിസിൽ അപേക്ഷകൻ നേരിട്ട് എത്തേണ്ട ദിവസം, സമയം, അപോയ്ൻമെന്റ് നമ്പർ എന്നിവ ലഭിക്കും.
അപേക്ഷ സമർപ്പിച്ചു പരമാവധി മൂന്നുദിവസത്തിനകം അപോയ്ൻമെന്റ് ലഭിക്കും. ഇതനുസരിച്ച് ഓഫിസിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അപേക്ഷ സമർപ്പിച്ചപ്പോൾ മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശങ്ങൾ കാണിക്കുകയേ വേണ്ടൂ. ഓൺലൈൻ വഴി സമർപ്പിച്ച രേഖകൾ ശരിയെന്ന് ഉദ്യോഗസ്ഥർക്കു ബോധ്യപ്പെട്ടാൽ 12 മിനിറ്റിനകം റജിസ്ട്രേഷൻ പൂർത്തിയാകും. കർണാടകയിൽ എവിടെയുള്ള ഭൂമിയും ഏതു സബ് റജിസ്ട്രാർ ഓഫിസിനു കീഴിലും റജിസ്റ്റർ ചെയ്യാം