ബെംഗളൂരു സിറ്റി പൊലീസിന്റെ സുരക്ഷ ആപ്പിന് മികച്ച പ്രതികരണം;ആറുമാസം കൊണ്ട് റജിസ്റ്റർ ചെയ്തത് 1886 പരാതികള്‍.

ബെംഗളൂരു ∙ അത്യാഹിത സന്ദർഭത്തിൽ അതിവേഗം പൊലീസ് സഹായം തേടാനായി ബെംഗളൂരു സിറ്റി പൊലീസ് ഇറക്കിയ ‘സുരക്ഷ’ മൊബൈൽ ആപ്പിനു മികച്ച പ്രതികരണം. ആപ്പ് പുറത്തിറക്കി ആറുമാസം കൊണ്ട് 1886 പരാതികളാണ് ഇതുവഴി റജിസ്റ്റർ ചെയ്തത്. ഇവയിൽ 408 എണ്ണം ഗൗരവമേറിയതായിരുന്നു.

ജൂലൈയിലാണ് ആപ്പ് വഴി ഏറ്റവുമധികം കേസ് റജിസ്റ്റർ ചെയ്തത്, 538. അതേസമയം ആപ്പ് ഡൗൺലോഡ് ചെയ്തവരിൽ ഒട്ടേറെപ്പേർ അനാവശ്യമായി ‘പാനിക് ബട്ടൻ’ അമർത്തിയതു പൊലീസിന്റെ സമയം മെനക്കെടുത്തുകയും ചെയ്തു. ഫോൺ വിളിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഫോണിൽ വിരലമർത്തി പൊലീസിനെ വിവരമറിയിക്കാൻ സഹായിക്കുന്ന സുരക്ഷ ആപ്പ് കഴിഞ്ഞ ഏപ്രിൽ 10നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

അവശ്യഘട്ടത്തിൽ ആപ്പിലെ എസ്ഒഎസ് ബട്ടനിൽ ഒരുവട്ടമോ, മൊബൈൽഫോണിന്റെ പവർബട്ടനിൽ അഞ്ചുതവണയോ അമർത്തിയാൽ ഉടനടി വിവരം പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും. നിമിഷങ്ങൾക്കകം മൊബൈലിലേക്കു പൊലീസിന്റെ വിളിയെത്തുകയും ചെയ്യും.

സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് ആപ്പ് ഉപയോഗിക്കുന്നയാൾ എവിടെയെന്നു മനസ്സിലാക്കാനും ഇതിനു സമീപത്തുള്ള ഹൊയ്സാല പട്രോൾ വാഹനം രക്ഷയ്ക്കായി അയയ്ക്കാനും സാധിക്കും. ആൻഡ്രോയിഡിലും ഐഫോണിലും ലഭ്യമാകുന്ന ആപ്പ് ഇതിനകം 46000 പേർ ഡൗൺലോഡ് ചെയ്തതായാണു വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us