ഉദ്യാന നഗരിയില്‍ പെരുമഴക്കാലം..

ബെംഗളൂരു ∙ മഴദൈവങ്ങൾ കനിയാനായി പൂജയർപ്പിച്ചും മേഘക്കൊയ്ത്തു നടത്തിയും കാത്തിരുന്നിട്ടൊടുവിൽ തുടർച്ചയായി മഴ പെയ്യാൻ തുടങ്ങിയപ്പോൾ നഗരനിരത്തുകൾ സാക്ഷാൽ നരകമായി. ഇന്നലെ ഉച്ചയോടെ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്തിറങ്ങിയ കനത്ത മഴയിൽ ബൊമ്മനഹള്ളി, ഇലക്ട്രോണിക് സിറ്റി, വിദ്യാരണ്യപുര, യെലഹങ്ക മേഖലകൾ പെരുവെള്ളത്തിൽ മുങ്ങി. വൈകിട്ട് അഞ്ചുവരെ പെയ്ത 42 മില്ലിമീറ്റർ മഴയിൽ മരങ്ങൾ കടപുഴകി.

മഞ്ജുനാഥ നഗറിൽ റോഡിലേക്കു മരം വീണതിനെ തുടർന്നു ഗുഡ്സ് ഓട്ടോറിക്ഷ തകർന്നു. എച്ച്എസ്ആർ ലേഒൗട്ടിലും ബൊമ്മനഹള്ളിയിലും വീടുകളിലേക്കു വെള്ളം കയറി. ഇലക്ട്രോണിക് സിറ്റി ഇൻഫോസിസ് പ്രധാന ക്യാംപസ് വെള്ളത്തിലാഴ്ന്നു. നായന്ദനഹള്ളിയിൽ മതിലിടിഞ്ഞു വീണു.

വെള്ളക്കെട്ടു മൂലം ഹൊസൂർ റോഡിലും മറ്റും മണിക്കൂറുകളോളമാണു വാഹനങ്ങൾ കുടുങ്ങിയത്. പ്രധാന നിരത്തുകളിലും ഇടറോഡുകളിലൂടെയും പുഴപോലെ വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയതോടെ, വാഹനങ്ങൾ നിർത്തിയിടുന്ന സാഹചര്യമുണ്ടായി. വഴിയരികിലും മറ്റും പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളെ മറിച്ചിട്ടാണു വെള്ളച്ചാലുകൾ കുത്തിയൊലിച്ചത്. രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ഹൈവേ കടന്നുപോകുന്ന മേക്കറി സർക്കിളിലും മറ്റും അടിപ്പാതകളിൽ ഇരുചക്രവാഹന യാത്രക്കാർ മഴ നനയാതിരിക്കാൻ കയറി നിന്നതോടെ, മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത വിധം വഴിതടസ്സമുണ്ടായി.

വിധാൻ സൗധയിൽ നടന്ന വാല്മീകി ജയന്തി ആഘോഷത്തിനു ദൂരദേശങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു പേർ, തിരിച്ചുപോകാനാകാതെ നഗരത്തിൽ കുടുങ്ങി. പാലസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനങ്ങളിലേക്ക് എത്തിപ്പെടാൻ പോലും കഴിയാത്ത സാഹചര്യവുമുണ്ടായി. തിരക്കേറെയുള്ള ജെസി റോഡും മുങ്ങി. മൈസൂരു റോഡിൽ നായന്ദനഹള്ളി, നെഹ്റു സർക്കിൾ എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് പൊതുജനത്തെ വലച്ചു.

ഇക്കൊല്ലം ഇതു വരെ പെയ്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ 96 പേർ മരിച്ചതായി റവന്യുമന്ത്രി കാഗോഡു തിമ്മിപ്പ അറിയിച്ചു. 3000 വീടുകൾക്ക് നാശനഷ്ടമുണ്ടായി. തെക്കൻ കർണാടകയിൽ ജൂൺ ഒന്നും മുതൽ സെപ്റ്റംബർ 30 വരെ 27% അധികമഴയാണ് ലഭിച്ചത്. മലനാട്, തീരദേശ, വടക്കൻ കർണാടക എന്നിവിടങ്ങളിൽ കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ 839 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ, ഇത്തവണ കിട്ടിയത് 774 മില്ലീമീറ്ററാണ്.

∙ കനത്ത മഴയിൽ യാത്രകൾ ഒഴിവാക്കാം.

∙ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ നടക്കേണ്ടിവന്നാൽ, തുറന്ന ഓടകളിലേക്കും മറ്റും വീഴാതിരിക്കാൻ വടി കുത്തിയോ മറ്റോ മുൻകരുതലെടുക്കാം.

∙ നിരത്തിൽ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ നടക്കരുത്.

∙ പെരുവെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുത്. റോഡിലെ തടസ്സങ്ങൾ കാണാൻ കഴിയില്ല.

∙ കനത്ത മഴയിൽ കെട്ടിടങ്ങളുടെ സീലിങ്ങും മറ്റും നനഞ്ഞിരിക്കുമ്പോൾ ഫാനുകൾ പ്രവർത്തിപ്പിക്കരുത്.

∙ വെള്ളക്കെട്ടിലൂടെ കുട്ടികളും മുതിർന്ന പൗരന്മാരും ഗർഭിണികളും ഭിന്നശേഷിയുള്ളവരും പരസഹായം കൂടാതെ യാത്രചെയ്യരുത്.

∙ ചെറിയ മഴയിലും കാറ്റിലും പോലും കടപുഴകിവീഴുന്ന മരങ്ങളാണു ബെംഗളൂരുവിൽ മിക്കയിടത്തും. മഴയത്തു റോഡരികിൽ വാഹനങ്ങൾ നിർത്തുമ്പോഴും മറ്റും ഇക്കാര്യം ഓർമയിൽ വയ്ക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us