ബെംഗളൂരു∙ മാലിന്യ നീക്ക കരാറുകാർക്കും ശുചീകരണ തൊഴിലാളികൾക്കും (പൗരകർമികർ) എതിരെ അവശ്യ സേവനമുറപ്പാക്കൽ നിയമം (എസ്മ) ചുമത്തിയതു കൊണ്ടു കാര്യമില്ലെന്നു സംസ്ഥാന സർക്കാരിനോടു വിളിച്ചു പറയുന്നതായിരുന്നു നഗരത്തിൽ ഇന്നലെ രൂപപ്പെട്ട മാലിന്യക്കൂനകൾ. കെആർ മാർക്കറ്റിലും റസൽ മാർക്കറ്റിലും നഗരത്തിന്റെ മറ്റ് പ്രധാന കോണുകളിലുമൊക്കെ മാലിന്യക്കൂമ്പാരങ്ങൾ വഴിതടഞ്ഞു.
ഞായറാഴ്ച മാലിന്യ നീക്കം കുറവായതിനാൽ യഥാർഥ ദുരിത ചിത്രം ഇന്നേ തെളിഞ്ഞുവരൂ. മാലിന്യനീക്ക കരാറുകാരും പൗരകർമികരും വിവിധ ആവശ്യം ഉന്നയിച്ച് തുടർച്ചയായി നടത്തുന്ന പ്രക്ഷോഭങ്ങൾക്കു ഫലപ്രദമായി തടയിടാനാണ് ഒരു വർഷത്തേക്ക് എസ്മ ചുമത്തിയിട്ടുള്ളത്. ഇതെ തുടർന്ന്, മാലിന്യം നീക്കുമെന്ന് കരാറുകാർ സമ്മതിച്ചിരുന്നതാണ്.
പൗരകർമികരുടെ വേതനം കരാറുകാർ തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ചു കഴിഞ്ഞ മാർച്ചിൽ നടത്തിയ സമരത്തെ തുടർന്ന്, ഇവർക്ക് നേരിട്ട് ശമ്പളം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചു കരാറുകാർ ശനിയാഴ്ച നടത്തിയ മിന്നൽ പണിമുടക്കും, ബെല്ലഹള്ളി, മിത്തഗനഹള്ളി മാലിന്യം തള്ളൽ കേന്ദ്രത്തിലേക്കു പോയ ബിബിഎംപി ട്രക്കുകൾ ഗ്രാമവാസികൾ തടഞ്ഞതും സർക്കാരിനു തലവേദനായി.
കഴിഞ്ഞ ഗണേശ ചതുർഥി ദിനത്തിലും സമാനമായ പ്രതിഷേധം കരാറുകാരുടെ ഭാഗത്തു നിന്നുണ്ടായി. ഒരു മാസത്തിനിടയിൽ രണ്ടു തവണ മാലിന്യനീക്കം വ്യാപകമായി തടസ്സപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച വൈകിട്ട് അടിയന്തര അവലോകന യോഗം വിളിച്ചു ചേർത്ത് എസ്മ ചുമത്തിയത്.
കരാറുകാരും പൗരകർമികരും തമ്മിൽ ഇടയ്ക്കിടെയുണ്ടാകുന്ന അഭിപ്രായ ഭിന്നത, നഗരത്തിലെ മാലിന്യ നീക്കത്തിന് തുടർച്ചയായി തടസ്സമാകുന്നതായുള്ള പരാതികൾ ശക്തമാണ്. കരാറുകാരുടെ സമരം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മാലിന്യം കുന്നുകൂടുന്നതിന് ഇടയാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി എസ്മ ചുമത്തിക്കൊണ്ടുള്ള വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൗരകർമികരെ കൂടാതെ, മാലിന്യം നീക്കുന്ന ഓട്ടോ,ടിപ്പർ ഡ്രൈവർമാർ, മാലിന്യം വലിയ തോതിൽ കയറ്റിയിറക്കുന്നവർ തുടങ്ങിയവർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്താൻ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്.
അതേസമയം, സാധാരണ കരാറുകാർ സമരം നടത്തുമ്പോൾ, പൗരകർമികരെ മാലിന്യ നീക്ക ജോലികളിൽ നിന്ന് ഭീഷണിപ്പെടുത്തി അകറ്റി നിർത്താറുണ്ടെന്ന് വിവിധ പരിസ്ഥിതി സംഘടനകൾ പറയുന്നു. പൗരകർമികരെ വെട്ടിലാക്കാനുള്ള ആയുധമായി എസ്മയെ കരാറുകാർ ദുരുപയോഗപ്പെടുത്തുമെന്നും ഇവർ ആശങ്ക പങ്കുവച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.