മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റും മുൻ കേന്ദ്ര മന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ചു. 78 വയസ്സായിരുന്നു. പുലർച്ചെ 2.15 ന് ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം . പാർലമെന്റിൽ ഇന്നലെയാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത് . രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേൾക്കാൻ പാർലമെന്റിന്റെ സെൻട്രൽഹാളിൽ മധ്യഭാഗത്തായി ഇരുന്നിരുന്ന അഹമ്മദ് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് പാർലമെന്റിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ചികിത്സിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ട്രോമാകെയർ യൂണിറ്റിൽ വെന്റിലേറ്ററിലാണ് ഇ അഹമ്മദ് മരണത്തിനു കീഴടങ്ങിയത്. ദില്ലിയിലും കോഴിക്കോട്ടും പൊതുദർശനത്തിനു വച്ച ശേഷം മൃതദേഹം കണ്ണൂരിൽ ഖബറടക്കും.
ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായ മലയാളിയെന്ന നേട്ടം കൈവരിച്ചാണ് അഹമ്മദ് വിടവാങ്ങുന്നത്. സംസ്ഥാനത്ത് മുസ്ലീം ലീഗിനെ നിർണായക ശക്തിയാക്കുന്നതിൽ മുഖൃ പങ്ക് വഹിച്ച നേതാവാണ് വിടവാങ്ങിയത്. ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായ മലയാളിയെന്ന നേട്ടം അഹമ്മദിന് സ്വന്തം. ലോക്സഭാംഗമായി കാൽനൂറ്റാണ്ടു പൂർത്തിയാക്കി. 1938ൽ കണ്ണൂരിലാണ് ജനനം. മഞ്ചേരിയിൽ 1991ലാണ് അഹമ്മദിൻറെ ആദ്യ പോരാട്ടം. 1991, 96, 98, 99, 2004, 2009, 2014 വർഷങ്ങളിൽ ലോകസഭയിലെത്തി. 2004ൽ കേരളത്തിൽ യുഡിഎഫ് തകർന്നടിഞ്ഞപ്പോഴും അഹമ്മദ് പൊന്നാനിയിൽ തിളക്കാമർന്ന വിജയം നേടി. മുസ്ളിം ലീഗിൻറെ ആദ്യ കേന്ദ്രമന്ത്രിയെന്ന നിലയിലും അദ്ദേഹം ചരിത്രത്തിൽ ഇടം നേടി.
1967ൽ സപ്തകക്ഷിമുന്നണിയുടെ പിന്തുണയോടെ കണ്ണൂരിൽനിന്നും നിയമസഭാംഗം. പിന്നീട് കൊടുവള്ളിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം തുടർച്ചയായി 3 തവണ, താനൂരിൽനിന്നും നിയമസഭയിലെത്തി. 1982 മുതൽ അഞ്ച് വർഷക്കാലം വ്യവസായമന്ത്രി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക ദൂതനായി, 1984ൽ ഗൾഫ് മേഖലയിലെ ഭരണനേതാക്കളെ സന്ദർശിച്ച് ചർച്ച നടത്തി. 1992 മുതൽ തുടർച്ചയായി 6 കൊല്ലം ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു അഹമ്മദ്.
2004ൽ ഇറാഖിൽ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഗൾഫ് രാജ്യങ്ങളിൽ കടുത്ത തൊഴിൽ നിയമങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളുണ്ടായപ്പോൾ അഹമ്മദിൻറെ ശക്തമായ ഇടപെടൽ ശ്രദ്ധേയമായി. 2014ൽ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശികമായി ശക്തമായ എതിർപ്പ് നേരിട്ടു. എന്നാൽ പോൾ ചെയ്തതിൽ പകുതിയിലധികം വോട്ടുകൾ നേടിയാണ്, അദ്ദേഹം വിമർശകരുടെ വായടപ്പിച്ചത്. നാലു പതിറ്റാണ്ട് നീണ്ട പാർലമെൻററി പ്രവർത്തനമുൾപ്പെടെ അരനൂറ്റാണ്ടോളമെത്തിയ പൊതു ജീവിതവുമവസാനിപ്പിച്ചാണ് അഹമ്മദ് യാത്രയായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.