ഗാന്ധിനഗര്‍:നോട്ട് അസാധുവാക്കലിന് വന്‍ജനകീയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതായി ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും. ഫലമറിവായ രണ്ടു മുനിസിപ്പാലിറ്റികളും ഒരു താലൂക്ക് പഞ്ചായത്തും ബിജെപി കരസ്ഥമാക്കി.
31 മുനിസിപ്പാലിറ്റികള്‍, താലൂക്ക്, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 23 ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. വല്‍സാദ് ജില്ലയിലെ വാപി മുനിസിപ്പാലിറ്റിയിലെ 44 സീറ്റുകളില്‍ 41 എണ്ണവും ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് വെറും മൂന്നു സീറ്റുകളാണ്. സൂററ്റിലെ കനകപ്പൂര് കന്‍സാദ് മുനിസിപ്പാലിറ്റിയിലെ 28 സീറ്റുകളില്‍ 27 എണ്ണവും ബിജെപി പിടിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റു മാത്രം.
രാജ്കോട്ടിലെ ഗോണ്ടാല്‍ താലൂക്ക് പഞ്ചായത്ത് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു,22 സീറ്റില്‍ 18 എണ്ണവും ബിജെപിക്കാണ്. കോണ്‍ഗ്രസിന് നാല്. മഹാരാഷ്ട്രയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി വന്‍നേട്ടമാണ് കരസ്ഥമാക്കിയത്. വികസനത്തിനുള്ള വോട്ടാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
ജനങ്ങള്‍ക്ക് പുരോഗതി വേണം. ദുര്‍ഭരണവും അഴിമതിയും അവര്‍ പൊറുക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പല തെരഞ്ഞെടുപ്പുകളുടെ ഫലം നാം കണ്ടു. പാര്‍ലമെന്റ്, നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകള്‍… വടക്കു കിഴക്കന്‍ മേഖലയിലോ ബംഗാളിലോ മധ്യപ്രദേശിലോ മഹാരാഷ്ട്രയിലോ ഗുജറാത്തിലോ എവിടെയുമാകട്ടെ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മോദി ട്വീറ്റ് ചെയ്തു.