ബെന്ഗളൂരു : 500 കോടി രൂപ മുടക്കി മകളുടെ വിവാഹം നടത്തിയ കര്‍ണാടകത്തിലെ ഖനിവ്യവസായിയും മുന്‍മന്ത്രിയുമായ ജി. ജനാര്‍ദനറെഡ്ഡിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതായി റിപ്പോര്‍ട്ട്.
റെഡ്ഡിയുടെ ബെല്ലാരിയിലെ നാല് വീടുകളിലും കമ്പനി ഓഫീസിലുമാണ് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം റെയ്ഡ് നടത്തുന്നത്. റെയ്ഡില്‍ ചില രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വെച്ച് ജനാര്‍ദ്ദനറെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയും ബിസിനസ്സുകാരനായ പി. രാജീവ് റെഡ്ഡിയും തമ്മിലുള്ള വിവാഹം.500 കോടി രൂപ ചെലവാക്കിയാണ് വിവാഹവും മറ്റ് ഒരുക്കങ്ങളും നടത്തിയത്. ആഗോളമാധ്യമങ്ങള്വരെ ആഡംബരവിവാഹം വാര്‍ത്തയാക്കിയിരുന്നു.
17 കോടി രൂപയുടെ പട്ടുസാരിയാണ് വധു ധരിച്ചത്. തിരുപ്പതിക്ഷേത്രത്തിന്റെ മാതൃകയില്‍ തീര്‍ത്ത ക്ഷേത്രത്തിനുമുന്നിലായിരുന്നു മണ്ഡപം. സംസ്ഥാനത്തെ 30 പ്രമുഖ മഠങ്ങളില്‍നിന്നുള്ള സന്ന്യാസിമാര്‍ വിവാഹത്തിന് അണിനിരന്നു. തിരുപ്പതി ക്ഷേത്രത്തില്‍നിന്നുള്ള എട്ടുപൂജാരിമാര് വിവാഹകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി. ഗവര്‍ണര്‍ വാജുഭായ് വാല, ബി.ജെ.പി. നേതാക്കളായ ബി.എസ്. യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ശോഭ കരന്തലജെ, ബസവരാജ് ബൊമ്മെ, മുരുകേഷ് നിറാനി, രേണുകാചാര്യ, ആര്.എസ്.എസ്. നേതാവ് പ്രഭാകര്‍ ഭട്ട് തുടങ്ങി വന്‍നിരതന്നെ വിവാഹത്തിനെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വര എന്നിവര്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല.
20,000-ത്തിലധികംപേര്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. വിവാഹത്തോടനുബന്ധിച്ചുള്ള അഞ്ചുദിവസത്തെ ആഘോഷങ്ങള്‍ക്ക് ഞായാറാഴ്ചയാണ് തുടക്കംകുറിച്ചത്.
സ്വത്തുക്കള്‍ വിറ്റാണ് വിവാഹച്ചെലവിനു പണം സ്വരൂപിച്ചതെന്നും ഇതേക്കുറിച്ച് ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാമെന്നുമായിരുന്നു ജനാര്‍ദന റെഡ്ഡി പറഞ്ഞത്.
അനധികൃത ഖനനക്കേസില്‍ 2011-ല്‍ അറസ്റ്റിലാകുന്നതുവരെ ജനാര്‍ദനറെഡ്ഡിയുടെ ആഢംബരജീവിതം പലപ്പോഴും വിവാദത്തിനിടയാക്കിയിരുന്നു. തിരുപ്പതിക്ഷേത്രത്തിലേക്ക് 40 കോടിയുടെ സ്വര്‍ണകിരീടം നല്‍കിയത് വിവാദമായി. ബെല്ലാരിയിലെ കൊട്ടാരസദൃശമായ വീട്ടില്‍ ഇരിക്കാന്‍ 15 കിലോഗ്രാം തൂക്കംവരുന്ന സിംഹാസനം, യാത്രചെയ്യാന്‍ സ്വന്തമായി ഹെലിക്കോപ്റ്റര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, എല്ലാകൊണ്ടും ബെല്ലാരിയിലെ രാജാവിന്റെ പ്രതീതിയിലായിരുന്നു ജനാര്‍ദനറെഡ്ഡി.
ബി.ജെ.പി. ഭരണത്തില്‍ മന്ത്രിയായിരുന്ന ജനാര്‍ദനറെഡ്ഡി ബെല്ലാരിയിലെ ശക്തനായ നേതാവായിരുന്നു. എന്നാല്‍, ഖനനക്കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്തതോടെ പ്രതാപത്തിന് മങ്ങലേറ്റു. എന്നാല്‍, സാമ്പത്തികമായി അടിപതറിയെന്ന പ്രചാരത്തിനിടെയാണ് കോടികള്‍ മുടക്കിയുള്ള മകളുടെ വിവാഹം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.