ഫസല്‍ വധക്കേസിലെ സത്യം പുറത്തു വരുന്നു;ഫസലിനെ വധിച്ചത് കാരയിമാര്‍ അല്ല ? പിന്നെ ആര് ?

കണ്ണൂർ: തലശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരെന്നു വെളിപ്പെടുത്തൽ. പടുവിലായി മോഹനൻ വധക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന സുബീഷ് എന്ന ആർഎസ്എസുകാരനാണു പൊലീസിനു മൊഴി നൽകിയിത്.

ഫസലിനെ കൊന്നതു കാരായിമാരല്ല. താനുൾപ്പെടുന്ന ആർഎസ്എസ് സംഘമാണു ഫസലിനെ കൊന്നതെന്നു സുബീഷ് നൽകിയ മൊഴിയിൽ പറയുന്നു. റിപ്പോർട്ടർ ടിവിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

മൊഴിയുടെ ശബ്ദരേഖയും വീഡിയോയുമടങ്ങുന്ന തെളിവുകൾ കണ്ണൂർ ജില്ലാ പൊലീസ് മേധാവി, ഡിജിപിക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുൾപ്പെടെയുള്ളവരാണു പ്രതികളെന്നു കണ്ടെത്തിയിരുന്നു. ഈ കേസിലാണ് സുപ്രധാന വെളിപ്പെടുത്തൽ.

സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ. കാരായി രാജനും കാരായി ചന്ദ്രശേഖരനുമുൾപ്പെടെ എട്ട് സിപിഐഎം പ്രവർത്തകരാണ് ഫസൽ വധത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്.

ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ, ഡയമണ്ട് മുക്കിലെ ആർഎസ്എസ് നേതാവ് ശശി, ഡയമണ്ട് മുക്കിലെ മനോജ് എന്നിവരും താനുമുൾപ്പെടുന്നവരാണ് ഫസൽ വധത്തിന് പിന്നിലെന്നാണു സുബീഷ് മൊഴിനൽകിയിരിക്കുന്നത്. മൂന്നുദിവസം മുമ്പ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഇയാളുടെ മൊഴിയുടെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും അന്വേഷണസംഘം റെക്കോർഡ് ചെയ്തു. 2014ൽ ചിറ്റാരിപ്പറമ്പ് പവിത്രൻ കൊലക്കേസിലും തങ്ങൾക്ക് പങ്കുണ്ടെന്ന് സുബീഷ് വെളിപ്പെടുത്തി.

കേസിൽ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് ഇപ്പോഴും വിലക്കുണ്ട്. ജാമ്യം ലഭിച്ചിട്ടും വിലക്ക് മാറിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ വരുന്നത്. ഫസൽ വധക്കേസിനു പിന്നിൽ ആർഎസ്എസാണെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു. സിപിഐഎം പ്രവർത്തകരാണ് പ്രതികളെന്ന സിബിഐ കണ്ടെത്തലിനെതിരേ ഫസലിന്റെ സഹോദരൻ അബ്ദുൾ റഹ്മാനും നേരത്തെ രംഗത്തുവന്നിരുന്നു.

കേരളാ പൊലീസിനോ സിബിഐയ്‌ക്കോ കാരായി രാജനെ നേരിട്ട് കൊലപാതകവുമായി ബന്ധിപ്പിക്കാൻ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ സിപിഐഎം ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനും ലോക്കൽ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനും അറിയാതെ ഇത്തരമൊരു കൊലപാതകം നടക്കില്ലെന്നായിരുന്നു സിബിഐ പറഞ്ഞത്. ജാമ്യം ലഭിച്ചശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജനും ചന്ദ്രശേഖരനും സ്ഥാനാർത്ഥികളായി മൽസരിച്ച് വിജയിച്ചു. തുടർന്ന് കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, ചന്ദ്രശേഖരൻ തലശേരി മുൻസിപ്പൽ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ തുടർന്നും കണ്ണൂരിൽ പ്രവേശിക്കാനാകാത്തതിനാൽ ഇരുവരും സ്ഥാനം രാജിവെക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us