വാഷിംഗ്ടണ്‍: ലോകം ഉറ്റു നോക്കുന്ന അമേരിക്കയുടെ 45 മത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ഏഴോടെ വോട്ടിംഗ് അവസാനിക്കും. മണിക്കൂറുകൾക്കുള്ളിൽ ഫലമറിയാനായേക്കും. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ഥി ഡോണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും തമ്മിലാണു മത്സരം. മൈക്ക് പെൻസും ടീം കെയ്നുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ. ലിബർട്ടേറിയൻ പാർട്ടിയുടെ ഗാരി ജോൺസണും ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റെയ്നും മറ്റ് 24 സ്ഥാനാർഥികളിൽ ശ്രദ്ധേയരാണ്.
യുഎസിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ഹല്ലരിയാണ് ജയിക്കുന്നതെങ്കില്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റെന്ന ചരിത്രം പിറക്കും. ആകെ 22.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 4.2 കോടി പേർ ഞായറാഴ്ചയോടെ വോട്ട് ചെയ്തു. 538 അംഗ ഇലക്ടറൽ കോളജിൽ 270 കിട്ടുന്നയാളാണു ജയിക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വാഷിംഗ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വെയില്‍ 48 ശതമാനം വോട്ടു നേടി ഹില്ലരി വ്യക്തമായ മുന്‍തൂക്കം ഉറപ്പിച്ചപ്പോള്‍ ട്രംപിന് 43 ശതമാനം പിന്തുണയാണ് ലഭിച്ചത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വെയിലും ഹില്ലരിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ഫൈവ് തേര്‍ട്ട് എയ്റ്റ് ഡോട്ട് കോം നടത്തിയ സര്‍വെയില്‍ ഹില്ലരിക്ക് 65 ശതമാനം സാധ്യത കല്പ്പിക്കുമ്പോള് ട്രംപിന് 36.4 ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പുറമെ യുഎസ് പാര്‍ലമെന്റിലെ അധോസഭയായ ജനപ്രതിനിധി സഭയിലെ(കോണ്‍ഗ്രസ്) 435 സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പും ഉപരിസഭയിലെ(സെനറ്റ്) മൂന്നിലൊന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും സംസ്ഥാന സഭകളിലേക്കുള്ള തെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പുകളും ഇന്ന് നടക്കും.
ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങളും ഹില്ലരിക്കെതിരായ ഇ-മെയില്‍ വിവാദവും വോട്ടര്‍മാരെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്. പോളിംഗിനു തൊട്ടുമുൻപാണെങ്കിലും ഇ മെയിൽ വിവാദത്തിൽ കഴമ്പില്ലെന്ന് എഫ്ബിഐ റിപ്പോര്‍ട്ട് ഹില്ലരിക്കു ആശ്വാസമാണ്. പ്രീ പോളിംഗില്‍ ലാറ്റിനമേരിക്കൻ കുടിയേറ്റക്കാരുടെ പങ്കാളിത്തം ഹില്ലരി ക്യാമ്പിൽ സന്തോഷം പടർത്തുന്നു. 2.73 കോടിയാണു ലാറ്റിനോ വോട്ടർമാർ. വെള്ളക്കാരായ തൊഴിലാളികളിലും വൃദ്ധരിലും പുരുഷന്മാരിലും മറ്റുമാണു ട്രംപിന്റെ വലിയ പ്രതീക്ഷ. കുടിയേറ്റവിരുദ്ധ നയങ്ങൾ വെള്ളക്കാർക്കിടയിൽ ട്രംപിനു പിന്തുണ കൂട്ടി. 15.61 കോടി വോട്ടർമാർ വെള്ളക്കാരാണ്. ഹിസ്പാനിക്കുകളും കറുത്തവർഗക്കാരും സ്ത്രീകളും ബിരുദമുള്ള വെള്ളക്കാരും ഹില്ലരിയുടെ ബലമാണ്.
സർവേകളുടെ ശരാശരി ഫലം നല്കുന്ന റിയൽ ക്ലിയർ പൊളിറ്റിക്സിൽ ഇന്നലെ രാവിലെ ഹില്ലരി 1.8 ശതമാനത്തിനു ലീഡ് ചെയ്തിരുന്നതു വൈകുന്നേരത്തോടെ മൂന്ന് ശതമാനമായി. (47.2–44.2) ഹില്ലരിക്ക് 203–ഉം ട്രംപിന് 164–ഉം ഇലക്ടറൽ കോളജ് വോട്ട് ഉറപ്പായെന്നും അവർ പറയുന്നു. സെനറ്റിലേക്കും കോണ്‍ഗ്രസിലേക്കുമായി ആറ് ഇന്ത്യന്‍ വംശജര്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ട്. ഇവരില്‍ പ്രമീളാ ജയപാല്‍, പീറ്റര്‍ ജേക്കബ് എന്നിവര്‍ മലയാളികളാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.