ബെല്ലാരി ഖനന അഴിമതിക്കേസില്‍ യെദ്യൂരപ്പ കുറ്റവിമുക്തന്‍.

ബംഗളുരു: ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നാല്‍പ്പത് കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. യെദ്യൂരപ്പയുടെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന പതിമൂന്ന് പേരെയും കോടതി വെറുതെവിട്ടു.

നീതി നടപ്പായെന്നും താന്‍ കുറ്റവിമുക്തനായെന്നും ആയിരുന്നു കോടതി വിധിയോടുള്ള യെദ്യൂരപ്പയുടെ പ്രതികരണം. കേസില്‍ തന്റെ കക്ഷിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകന്‍ സി.വി നാഗേഷ് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്നുംകൊണ്ട് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നുമാണ് കേസിലെ വിചാരണക്കിടെ യെദ്യൂരപ്പ കോടതിയില്‍ പറഞ്ഞത്. താന്‍ കാരണം സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തികനഷ്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിരുന്നു.

2008നും 2011നും ഇടയില്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍സൗത്ത് വെസ്റ്റ് മൈനിങ്ങ് കമ്പനിയില്‍ നിന്നും 40 കോടി രൂപ യെദ്യൂരപ്പയും അദ്ദേഹത്തിന്റെ രണ്ട് മക്കളും മരുമകനും ചേര്‍ന്ന് കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ആരോപണം. ഖനനവുമായി ബന്ധപ്പെട്ട് 1065 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരിശോധിച്ച ഗവര്‍ണര്‍ 1988ലെ അഴിമതി നിരോധന നിയമ പ്രകാരം യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു മുന്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുന്നത് ഭാരതത്തില്‍ ആദ്യത്തെ സംഭവമായിരുന്നു. മന്ത്രിസഭയുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെയായിരുന്നു ഗവര്‍ണറുടെ നടപടി.

കേസില്‍ മൂന്ന് ആഴ്ച ജയിലില്‍ കിടന്ന യെദ്യൂരപ്പ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. സൗത്ത് വെസ്റ്റ് മൈനിങ്ങ് കമ്പനിയില്‍ നിന്നും കൈപ്പറ്റിയ പണത്തില്‍ 20 കോടി യെദ്യൂരപ്പ രണ്ട് ആണ്‍മക്കളുടെയും മരുമകന്റേയും സ്വകാര്യ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us