ബെംഗളൂരു : സംസ്ഥാനത്ത് 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ബുധനാഴ്ചയും പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ചകളിൽ നടത്തുന്ന പ്രത്യേക വാക്സിനേഷൻ ഡ്രൈവുകളിൽ കുറഞ്ഞത് 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയാണ് ലക്ഷ്യമെന്നും അടുത്ത ഒരു മാസത്തിനുള്ളിൽ ഒന്നര മുതൽ രണ്ട് കോടി വരെ ഡോസുകൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച വാക്സിൻ ഡ്രൈവിന് പുറമേ, ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക വാക്സിനേഷൻ ഡ്രൈവുകളും സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ അതിർത്തി ജില്ലകൾക്കും ഈ ജില്ലകളുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങൾക്കും മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുവരുത്തി.
ഓഗസ്റ്റിൽ 1.1 കോടിയിലധികം വാക്സിൻ ഡോസുകൾ കേന്ദ്രസർക്കാർ നൽകിയ ശേഷമാണ് പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചത്. ഇനിമുതൽ എല്ലാ ദിവസവും 5 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) പരിധിക്കുള്ളിൽ മൊത്തം ഒരു കോടി വാക്സിനേഷനുകൾ നടത്തിയിട്ടുണ്ടെന്നും സംസ്ഥാനത്താകെ നാല് കോടി വാക്സിനേഷനുകൾ നടത്തിയതായും കൂടാതെ, ബീദർ, യാദ്ഗിർ, റായ്ച്ചൂർ, കൽബുർഗി ജില്ലകളിൽ വാക്സിനേഷൻ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.