ബെംഗളൂരു: സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. റോയല്‍ ചലഞ്ചേഴ്‌സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പൊരുതാൻ ഇറങ്ങും. കളിച്ച നാല് മത്സരവും തോറ്റ ബംഗളൂരുവിന് ഇന്ന് തട്ടകത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.
വിരാട് കോലി എന്ന നായകനെ സംബന്ധിച്ചും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇതുവരെ കിരീടത്തിലേക്കെത്താന്‍ കഴിയാത്ത ബംഗളൂരു ഇത്തവണയും മോശം പ്രകടനം പുറത്തെടുക്കുന്നതില്‍ ആരാധക പ്രതിഷേധം ശക്തമാവുകയാണ്. കോലിയെ നായകസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കെ ഇന്ന് ജയിച്ച് വിമര്‍ശകരുടെ വായടിപ്പിക്കേണ്ടത് കോലിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
ആദ്യ നാല് കളിയും തോറ്റ ഐപിഎല്ലിലെ ഏക ടീംമാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ബാംഗ്ലൂരിനെ അലട്ടുന്നത് വിരാട് കോലിയും എ ബി ഡിവിലിയേഴ്‌സും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല എന്നതാണ്. ഭേദപ്പെട്ട പ്രകടനം നടത്താനായത് പാര്‍ഥിവ് പട്ടേലിന് മാത്രം. ബൗളിംഗ് മികവ് യുസ്‌വേന്ദ്ര ചാഹലില്‍ അവസാനിക്കുന്നു.
കളിച്ച മൂന്ന് കളിയില്‍ രണ്ടിലും ജയിച്ച കൊല്‍ക്കത്ത ഡല്‍ഹിയോട് കീഴടങ്ങിയത് സൂപ്പര്‍ ഓവറില്‍. ആന്ദ്രേ റസലും നിതീഷ് റാണയും മികച്ച ഫോമില്‍. റോബിന്‍ ഉത്തപ്പ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍കൂടി ചേരുന്‌പോള്‍ ബാറ്റിംഗ് ശക്തം. സുനില്‍ നരൈന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ. കൊല്‍ക്കത്തയും ബാംഗ്ലൂരും ഏറ്റുമുട്ടിയത് 23കളിയില്‍. കൊല്‍ക്കത്ത 14ലും ബാംഗ്ലൂര്‍ ഒന്‍പതിലും ജയിച്ചു. ഇന്ന് നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ടിന് മത്സരം ചൂടേറിയതാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.