ബെംഗളൂരു -മൈസൂരു: ബുധൻ,വ്യാഴം ദിവസങ്ങളിലായി നടക്കുന്ന ഗൗരി-ഗണേശപൂജകൾക്കായി സാധനസാമഗ്രികൾ വാങ്ങാൻ നഗരത്തിലെ വിപണികളിൽ വൻതിരക്ക്. പൂക്കളും പച്ചക്കറികളും വാഴനാമ്പും തുണിത്തരങ്ങളും വാങ്ങാൻ നഗരത്തിന് പുറത്തുനിന്നും മറ്റും അനേകായിരം പേരാണ് ചൊവ്വാഴ്ച എത്തിയത്. വിനായകചതുർഥിയുടെ തലേന്നാളാണ് ഗൗരീപൂജ നടത്തുന്നത്. ബുധനാഴ്ച രാവിലെ 5.25-നും 7.52-നുമിടയ്ക്കാണ് ഗൗരീപൂജ നടത്തേണ്ട മുഹൂർത്തം. ഗണപതിയുടെ മാതാവായ പാർവതിയെ പൂജിക്കുന്ന ആഘോഷമുള്ളത് കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. സ്ത്രീകൾ ദാമ്പത്യജീവിതത്തിലെ ശ്രേയസ്സിനായി സ്വർണഗൗരി വ്രതം അനുഷ്ഠിക്കുന്നു.
ഗണപതിയുടെ മാതാവായ ഗൗരി ഈ ദിവസം ഗൃഹത്തിലെത്തുമെന്നാണ് വിശ്വാസം. ഗണപതിവിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്ന ഗണേശോത്സവം വ്യാഴാഴ്ചയാണ്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ പട്ടുസാരി വാങ്ങാൻ ആയിരക്കണക്കിന് സ്ത്രീകളാണ് ചൊവ്വാഴ്ച ഷോറൂമിലെത്തിയത്. 12,000 രൂപ വരെ വിലവരുന്ന പട്ടുസാരികൾ 4,500 രൂപയ്ക്ക് നല്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വന്നതിനാലാണ് വിൽപ്പന നീട്ടിവെച്ചത്. വിൽപ്പനത്തീയതി മുൻകൂർ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും മൈസൂരു മൃഗശാലയ്ക്ക് സമീപമുള്ള കെ.എസ്.ഐ.സി.യുടെ വിൽപ്പനകേന്ദ്രത്തിൽ സ്ത്രീകൾ തടിച്ചുകൂടുകയായിരുന്നു. ആധാർകാർഡിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് ഒരു സാരി വീതമാണ് നല്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.