ബെംഗളൂരുവിൽ ഭാരവാഹനങ്ങൾക്കും ഇത്തരം ബസുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ ആലോചിച്ച് പൊലീസ്

ബെംഗളൂരു: നവരാത്രി ആഘോഷങ്ങളും അവധിദിനങ്ങളും കനത്ത മഴയും ഒത്തുവന്നതോടെ ബെംഗളൂരു നഗരത്തിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി അനുഭവപ്പെട്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരവുമായി ബെംഗളൂരു ട്രാഫിക് പൊലീസ് (ബി.ടി.പി). ദൂരയാത്രക്കാരുടെ തിരക്കും നഗരത്തിൽ നിന്നുള്ള വലിയ പലായനവും കാരണം കഴിഞ്ഞ വാരാന്ത്യത്തിൽ നഗരത്തിലെ പ്രധാന പാതകളെല്ലാം മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈദരാബാദ്, ചെന്നൈ മാതൃകയിൽ ഉത്സവവേളകളിലും വാരാന്ത്യങ്ങളിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പൊലീസ് ആലോചിക്കുന്നത്.

ഭാരവാഹനങ്ങൾക്കും പ്രൈവറ്റ് ബസുകൾക്കും നിയന്ത്രണം

വിശേഷ ദിവസങ്ങളിലും ഉത്സവകാലങ്ങളിലും നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിർദ്ദിഷ്ട സമയങ്ങളിൽ ഭാരമേറിയ ചരക്കുവാഹനങ്ങൾ, ഇടത്തരം വാണിജ്യ വാഹനങ്ങൾ, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എ.ഐ.ടി.പി) പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ എന്നിവയുടെ സഞ്ചാരത്തിന് നിയന്ത്രണമേർപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച് മുതിർന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ സൂചന നൽകി. കൂടാതെ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) മാലിന്യ ലോറികളുടെയും കോംപാക്ടറുകളുടെയും സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സി.ബി.ഡി) പ്രദേശങ്ങളിലെ പകൽ സമയത്തെ പ്രവേശനം തടയാനും പകരം രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ മാത്രം പ്രവർത്തനാനുമതി നൽകാനും ആലോചനയുണ്ട്.

മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

ശനിയാഴ്ച രാത്രി നഗരത്തിൽ മണിക്കൂറുകളോളമാണ് യാത്രക്കാർ കുരുക്കിൽ പെട്ടുപോയത്. ചില ബസുകൾക്ക് നഗരപരിധി വിട്ടുപോകുവാൻ മാത്രം ഞായറാഴ്ച പുലർച്ചെ വരെ കാത്തിരിക്കേണ്ടി വന്നു. തുമകൂർ റോഡ്, മൈസൂർ റോഡ്, എയർപോർട്ട് റോഡ്, ഹെബ്ബാൾ, യശ്വന്ത്പൂർ, പീന്യ, ചന്ദാപുര എന്നീ ഭാഗങ്ങളിലാണ് ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. സാധാരണയായി രാജാജിനഗറിൽ നിന്ന് ദാസരഹള്ളിയിലെത്താൻ അരമണിക്കൂർ മാത്രം മതിയെന്നിരിക്കെ, മോശം ഗതാഗത മാനേജ്‌മെന്റും റോഡ് ആസൂത്രണത്തിലെ പിഴവുകളും കാരണം രണ്ട് മണിക്കൂറോളമാണ് യാത്രക്കാർക്ക് വഴിയിൽ കാത്തിരിക്കേണ്ടി വന്നതെന്ന് രാജീവ് ആർ. എന്ന യാത്രക്കാരൻ വ്യക്തമാക്കി.

മജസ്റ്റിനും സാന്തോപ് സോപ്പ് ഫാക്ടറിക്കുമിടയിലെ അവസ്ഥയും സമാനമായിരുന്നു. നാലോ അഞ്ചോ കിലോമീറ്റർ ദൂരം പിന്നിടാൻ മാത്രം ബസുകൾക്ക് ഒന്നോ രണ്ടോ മണിക്കൂറാണ് വേണ്ടിവന്നത്. രാത്രി ഒമ്പതുമണിക്ക് മജസ്റ്റിനിൽ നിന്ന് ബസ് കയറിയ പല യാത്രക്കാരും മണിക്കൂറുകൾ കഴിഞ്ഞിട്ടും ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വലഞ്ഞു.

ശാശ്വത പരിഹാരങ്ങളും പുതിയ നിർദ്ദേശങ്ങളും

സ്വകാര്യ ബസ് ഓപ്പറേറ്റർമാർ പ്രധാന ജങ്ഷനുകൾക്ക് സമീപവും തിരക്കേറിയ റോഡുകളിലും യാതൊരു അനുമതിയും ഇല്ലാതെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പതിവാണെന്ന് ജി.ബി.എ അർബൻ പ്ലാനറായ ദീപ മംഗൂലി ചൂണ്ടിക്കാട്ടി. ഗോവർദ്ധൻ തിയേറ്റർ, നവരംഗ്, സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, കെ.ആർ പുരം തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ ചിട്ടയായ ബസ് സർവീസ് സംവിധാനങ്ങൾ ആവശ്യമാണ്.

ഗതാഗത തടസ്സമുണ്ടാക്കാതെ ബസുകൾക്ക് നിർത്താൻ ആവശ്യമായ സൗകര്യങ്ങളുള്ള പ്രത്യേക ബോർഡിങ് പോയിന്റുകൾ നഗരത്തിൽ സജ്ജീകരിക്കണം. കൂടാതെ, അനധികൃതമായി വാഹനം നിർത്തി ആളുകളെ കയറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ഉത്സവകാലങ്ങളിലും നീണ്ട വാരാന്ത്യങ്ങളിലും തിരക്കേറിയ ചില ബോർഡിങ് പോയിന്റുകൾ മെട്രോ ടെർമിനൽ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രാന്തപ്രദേശങ്ങളിലെ ഗതാഗത കേന്ദ്രങ്ങളിലേക്ക് മാറ്റാവുന്നതാണ്. യാത്രക്കാർക്ക് മെട്രോയിലോ ഫീഡർ ബസുകളിലോ ഈ ഹബ്ബുകളിലെത്തി പിന്നീട് ഇന്റർസിറ്റി സർവീസുകൾ ആശ്രയിക്കാവുന്നതാണ്. ഇത് നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ദീപ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts