വെള്ള ഗൗണില്‍ മനോഹരിയായി ജ്യോതിക, വികാരഭരിതനായി സൂര്യ; 20-ാം വിവാഹവാർഷികത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി താരങ്ങള്‍

തമിഴ് സിനിമയിലെ ജനപ്രിയ താരദമ്പതികളായ സൂര്യയും ജ്യോതികയും ദാമ്പത്യജീവിതത്തിന്റെ ഇരുപതാം വാർഷിക വേളയിൽ പരസ്പരമുള്ള വിവാഹവാഗ്ദാനങ്ങൾ പുതുക്കി. മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിദേശത്തെ ഒരു പള്ളിയിൽവെച്ചാണ് ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നത്. ‘ദ സീക്വൽ’ എന്ന തലക്കെട്ടോടെ ജ്യോതിക പങ്കുവെച്ച ഈ വൈകാരിക നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചടങ്ങിൽ വെളുത്ത മനോഹരമായ ഗൗണിൽ ജ്യോതികയും വെളുത്ത കോട്ടും കറുത്ത ട്രൗസറുമണിഞ്ഞ് സൂര്യയും തിളങ്ങിയപ്പോൾ മക്കളാണ് ഇരുവരെയും പള്ളിയിലേക്ക് ആനയിച്ചത്.

ഇത് പെർഫെക്റ്റ് ജീവിതമല്ല, അപൂർണ്ണതകളുടെ ആഘോഷം: ജ്യോതിക

വിവാഹവാർഷികത്തോട് അനുബന്ധിച്ച് 20 വർഷത്തെ പ്രണയത്തെയും പോരാട്ടത്തെയും കുറിച്ച് മനസ്സുതുറക്കുന്ന വൈകാരികമായ ഒരു കുറിപ്പും ജ്യോതിക പങ്കുവെച്ചിട്ടുണ്ട്. ഇതൊരു പെർഫെക്റ്റായ ജീവിതത്തിന്റെ ആഘോഷമല്ലെന്നും മറിച്ച് അപൂർണ്ണതകൾ, വിട്ടുവീഴ്ചകൾ, പരസ്പര ധാരണ, ത്യാഗങ്ങൾ എന്നിവയുടെ ആഘോഷമാണെന്നും ജ്യോതിക കുറിച്ചു. യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് കരുതിയ ഒരു സ്വപ്നം ഇപ്പോഴ തന്റെ ജീവിതകാലം മുഴുവൻ കണ്ടിരിക്കാൻ കഴിയുന്ന മനോഹരമായ യാഥാർത്ഥ്യമായി മാറിയെന്നും താരം കൂട്ടിച്ചേർത്തു.

ഹൃദയം തൊടുന്ന പ്രണയപ്രതിജ്ഞകൾ

തന്റെ ജീവിതത്തിൽ മുന്നോട്ടുള്ള വഴികളിൽ പാലിക്കാനായി മനോഹരമായ ചില പ്രതിജ്ഞകളും ജ്യോതിക കുറപ്പിലൂടെ പങ്കുവെക്കുന്നുണ്ട്. സ്നേഹിക്കുന്ന മനുഷ്യൻ സ്വന്തം ജീവനേക്കാൾ കൂടുതൽ ബഹുമാനിക്കുമ്പോൾ ജീവിതം വലിയൊരു വരദാനമാണെന്നും, അതിനാൽ എപ്പോഴും സന്തോഷമുള്ളവളായിരിക്കുമെന്നും താരം പറയുന്നു. ചുറ്റുമുള്ളതെല്ലാം അപൂർണ്ണമാണെന്നിരിക്കെ അതിലെ വിടവുകൾ നികത്തുന്നതിലാണ് കാര്യമെന്നും, തന്നെ സുരക്ഷിതമായി സംരക്ഷിക്കുന്ന ഭർത്താവിനോടും ജീവിതത്തിന് അർത്ഥം നൽകിയ മക്കളോടും എന്നും നന്ദിയുള്ളവളായിരിക്കുമെന്നും ജ്യോതിക വ്യക്തമാക്കുന്നു.

ആരോഗ്യവും മനോഹരമായ ഒരു പുഞ്ചിരിയുമാണ് യഥാർത്ഥ സമ്പത്തെന്നും, ആ പുഞ്ചിരിയിലൂടെ മക്കൾക്ക് മാതാപിതാക്കളുടെ ജീവിത കഥ വീണ്ടും ജീവിക്കാൻ തോന്നുമ്പോഴാണ് താൻ മികച്ചൊരു അമ്മയാകുന്നതെന്നും താരം ഓർമ്മിപ്പിക്കുന്നു. സൂര്യയുമായി വഴക്കുണ്ടാക്കുകയും പിന്നീട് അനുനയിപ്പിക്കുകയും ചെയ്യുന്ന ആ അപൂർണ്ണയായ ഭാര്യയായി തന്നെ എന്നും തുടരുമെന്ന് പറയുന്ന ജ്യോതിക, ഭർത്താവിനൊപ്പം നല്ലൊരു കൂട്ടുകാരിയായും രഹസ്യങ്ങൾ സൂക്ഷിക്കുന്ന വിശ്വസ്തയായും കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകുന്നു.

പൂവെല്ലാം കേട്ടുപ്പാർ മുതൽ ദാമ്പത്യത്തിന്റെ 20 വർഷങ്ങൾ വരെ

1999-ൽ വസന്ത് സംവിധാനം ചെയ്ത ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴഗൻ, മായാവി, സില്ലുനു ഒരു കാതൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു. വെള്ളിത്തിരയിലെ കെമിസ്ട്രി പിന്നീട് ജീവിതത്തിലെ പ്രണയമായി വളരുകയും 2006 സെപ്റ്റംബർ 11-ന് ചെന്നൈയിൽ വെച്ച് ഇരുവരും വിവാഹിതരാകുകയുമായിരുന്നു. വ്യക്തിജീവിതത്തിലെ സുതാര്യതയും പ്രൊഫഷണൽ കരിയറിലെ പരസ്പര പിന്തുണയും കൊണ്ട് രണ്ട് പതിറ്റാണ്ടുകളായി ദക്ഷിണേന്ത്യൻ സിനിമയിലെ മാതൃകാദമ്പതികളായി ഇരുവരും തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts