ബെംഗളൂരു: യുവ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി.
യുവ വ്യവസായിയായ ജീവ(33)യുടെ ആത്മഹത്യയിലാണ് സി.ഐ.ഡി. ഡെപ്യൂട്ടി സൂപ്രണ്ടായ കനകലക്ഷ്മിക്കെതിരേ ആരോപണമുയർന്നിരിക്കുന്നത്.
കനകലക്ഷ്മി ഭീഷണിപ്പെടുത്തിയതും 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചതുമാണ് ജീവയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹോദരിയുടെ പരാതി.
ചോദ്യംചെയ്യാൻ വിളിപ്പിച്ച സി.ഐ.ഡി. ഉദ്യോഗസ്ഥ യുവതിയെ വിവസ്ത്രയാക്കി അപമാനിച്ചെന്നും പരാതിയിലുണ്ട്.
ജീവ എഴുതിയതെന്ന് കരുതുന്ന 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് സഹിതമാണ് സഹോദരി സി.ഐ.ഡി. ഉദ്യോഗസ്ഥക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ബോവി വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ജീവയെ സി.ഐ.ഡി. സംഘം ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നത്.
കോർപ്പറേഷനിലേക്ക് ചില അസംസ്കൃതവസ്തുക്കള്‍ വിതരണംചെയ്തിരുന്നത് ജീവയായിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ജീവയെ സി.ഐ.ഡി. സംഘം ചോദ്യംചെയ്തത്.
അതേസമയം, നവംബർ 14-നും 23-നും ഇടയില്‍ വീഡിയോ കോണ്‍ഫറൻസ് വഴി ചോദ്യംചെയ്യാനാണ് ഹൈക്കോടതി അന്വേഷണസംഘത്തോട് നിർദേശിച്ചിരുന്നതെന്നാണ് ജീവയുടെ സഹോദരി പറയുന്നത്.
ഇത് മറികടന്നാണ് സി.ഐ.ഡി. ഉദ്യോഗസ്ഥ നേരിട്ട് വിളിപ്പിച്ചതെന്നും അവർ ആരോപിച്ചു.
നവംബർ 14-നാണ് ജീവ പാലസ് റോഡിലെ സി.ഐ.ഡി. ആസ്ഥാനത്ത് ഹാജരായത്.
ഡി.എസ്.പി. കനകലക്ഷ്മിയായിരുന്നു ജീവയെ ചോദ്യംചെയ്തത്.
അവർ ജീവയെ വിവസ്ത്രയാക്കി. അടിവസ്ത്രത്തിനുള്ളില്‍ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞാണ് അവർ വസ്ത്രം അഴിപ്പിച്ചത്.
തുടർന്ന് സി.ഐ.ഡി. ആസ്ഥാനത്തുനിന്ന് പീനിയയിലെ ജീവയുടെ വ്യാപാരസ്ഥാപനത്തിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയി.
അവിടെവെച്ച് മതിയായ രേഖകള്‍ കൈമാറിയിട്ടും ഡി.എസ്.പി. 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും ജീവയുടെ സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ജീവയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി വിവരം തിരക്കാനായി ഒരാളെ പറഞ്ഞയക്കുകയായിരുന്നു.
തുടർന്ന് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ജീവയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
സംഭവത്തില്‍ സഹോദരിയുടെ പരാതിയില്‍ സി.ഐ.ഡി. ഉദ്യോഗസ്ഥയായ കനകലക്ഷ്മിക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.