ഡെങ്കിപ്പനി ഉയരുന്നു; രോഗവ്യാപനം നിയന്ത്രണവിധേയമായില്ല

ബെംഗളൂരു : രോഗവ്യാപനം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയെ മഹാമാരിയായി (എപ്പിഡെമിക് ഡിസീസ്) പ്രഖ്യാപിച്ച് കർണാടകം.

ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020-ലെ കർണാടക എപ്പിഡെമിക് ഡിസീസ് ആക്ട് ഭേദഗതി വരുത്തിയാണ് നടപടി.

കെട്ടിടങ്ങളിലും പാർക്കുകളിലും മൈതാനങ്ങളിലും മറ്റും കൊതുകുകൾ പെരുകുന്നത് ഒഴിവാക്കുകയെന്നത് ഇവയുടെ കൈവശക്കാർക്ക് നിയമപരമായി നിർബന്ധിതമാക്കി.

ഇത് ഉറപ്പുവരുത്താൻ ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ ചീഫ് കമ്മിഷണറെയും ജില്ലകളിൽ കളക്ടർമാരെയും അധികാരപ്പെടുത്തി. നിയമലംഘകരുടെ പേരിൽ പിഴയീടാക്കും.

നോട്ടീസ് നൽകിയശേഷം ഇവിടങ്ങളിൽ പരിശോധന നടത്താൻ ഇവർക്ക് അധികാരം നൽകി. കൊതുകു പടരുന്നത് കണ്ടെത്തിയാൽ 24 മണിക്കൂറുകൾക്കകം പരിഹാരമുണ്ടാക്കാൻ നിർദേശം നൽകും.

നഗരപരിധിയിൽ 400 രൂപയും ഗ്രാമപരിധിയിൽ 200 രൂപയും പിഴയീടാക്കും. വാണിജ്യസ്ഥാപനങ്ങൾ, ഓഫീസുകൾ, സ്‌കൂൾ-കോളേജുകൾ, ചികിത്സാസ്ഥാപനങ്ങൾ എന്നിവയ്ക്ക് നഗരപരിധിയിൽ ആയിരം രൂപയും ഗ്രാമപരിധിയിൽ 500 രൂപയും പിഴയായി നിശ്ചയിച്ചു.

നിർമാണസ്ഥലങ്ങളിലോ വെറുതെയിട്ടിരിക്കുന്ന സ്ഥലങ്ങളിലോ കൊതുകുകൾ പെരുകുന്നത് കണ്ടെത്തിയാൽ ഉടമകളിൽനിന്ന് നഗരപരിധിയിൽ 2000 രൂപയും ഗ്രാമപരിധിയിൽ ആയിരം രൂപയും പിഴയീടാക്കും.

നിയമലംഘനം തുടരുന്ന ഓരോ ആഴ്ചയും പിഴയുടെ പകുതി തുക വീണ്ടും ഈടാക്കാനും നിർദേശിച്ചു.

ഈവർഷം ഇതുവരെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവർ കാൽലക്ഷം പിന്നിട്ടു. 12 പേർ മരിച്ചു. ചൊവ്വാഴ്ചവരെയുള്ള കണക്കുപ്രകാരം 25,889 പേർക്ക് രോഗം ബാധിച്ചു.

181 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 1561 പേർ ചികിത്സയിലുണ്ട്. 191 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിലാണ് രോഗബാധ കൂടുതലുണ്ടായത്.

11,673 പേർക്ക് രോഗബാധയുണ്ടായി. മൂന്നുപേർ മരിച്ചു. 26 പേർ ആശുപത്രിയിലുണ്ട്. 83 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us