ബെംഗളൂരു : കേരളത്തിലെ ഓണാഘോഷത്തിൽ പ്രതീക്ഷയർപ്പിച്ച് കർണാടകത്തിലെ വിനോദസഞ്ചാര മേഖല. ഓണാവധിയാഘോഷിക്കാൻ കേരളത്തിൽനിന്ന് ഇത്തവണയും സഞ്ചാരികൾ ധാരാളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓണക്കാലത്തെത്തുന്ന സന്ദർശകരുടെ ബുക്കിങ് മൈസൂരു പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ആരംഭിച്ചതായി ഈ രംഗത്തുള്ള മലയാളികൾ പറഞ്ഞു.
കേരളത്തിലുണ്ടായ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിന്റെയും പശ്ചാത്തലമുണ്ടെങ്കിലും ഓണാവധിക്ക് അതിർത്തി കടന്ന് ആളുകളെത്തുമെന്ന് കരുതുന്നതായും പറഞ്ഞു.
കേരളത്തിൽ സ്കൂളുകളിൽ തിങ്കളാഴ്ച തുടങ്ങിയ ഓണപ്പരീക്ഷ പൂർത്തിയായശേഷം 13-നാണ് സ്കൂൾ അടയ്ക്കുന്നത്. അതിനുശേഷം പത്ത് ദിവസം ഓണാവധിയാണ്.
ഈ സമയം കർണാടകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ കൂടുതലായി എത്തിച്ചേരുന്നത് പതിവാണ്.
കൊട്ടാര നഗരിയായ മൈസൂരു കാണാനാണ് കൂടുതൽ പേരും എത്താറ്. അംബാ വിലാസ് കൊട്ടാരവും ചാമുണ്ഡിമലയും കാഴ്ചബംഗ്ലാവും വൃന്ദാവൻ ഉദ്യാനവും മലയാളികൾക്ക് ഇഷ്ട കേന്ദ്രങ്ങളാണ്.
കുടകും ചിക്കമഗളൂരുവും ബെംഗളൂരുവും നന്ദിഹിൽസും ഹംപിയും സന്ദർശിക്കാനെത്തുന്ന മലയാളികളും ഒട്ടേറെയാണ്.
കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഓണക്കാലത്ത് സന്ദർശനത്തിനു വരുക. മൂകാംബിക പോലുള്ള സ്ഥലങ്ങളും ലക്ഷ്യം വെച്ചുവരുന്ന സഞ്ചാരികളും ഉണ്ടാകാറുണ്ട്.
കർണാടകത്തിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ ഓണം കടന്നുവരുന്നത് ആവേശത്തോടെയാണ് കാണുന്നത്.
ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും നടത്തുന്നവർ ഓണത്തിനെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.