പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു

ബെംഗളൂരു: ബാംഗ്ലൂർ സർവകലാശാലാ ക്യാമ്പസിനുള്ളിൽ വെച്ച് ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി എച്ച്.എം. മാനസ (23) മരിച്ചു. വിഷ്വൽ ആർട്സ് ഒന്നാം വർഷ എം.എ വിദ്യാർത്ഥിനിയും സർവകലാശാലാ ഹോസ്റ്റൽ അന്തേവാസിയുമായ മാനസ മൈസൂരു നഞ്ചൻഗൂട് സ്വദേശിയാണ്. ജൂലൈ 30-ന് ഉച്ചയ്ക്ക് 2.15-ഓടെ വിഷ്വൽ ആർട്സ് ഡിപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡ് മുറിച്ചു കടക്കവേ, നഗരഭാവിയും സർക്കിൾ ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ മാനസയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാനസയെ നഗരഭാവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ഓട്ടോ ഡ്രൈവർ സയ്യിദ് ഫയാസിനെ ജ്ഞാനഭാരതി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വിദ്യാർത്ഥിനിയുടെ മരണത്തെത്തുടർന്ന് സർവകലാശാലാ ക്യാമ്പസിൽ വൻ പ്രതിഷേധമാണ് അണപൊട്ടിയത്. പൊതുവാഹനങ്ങളുടെ അനിയന്ത്രിതമായ സഞ്ചാരം ക്യാമ്പസിനുള്ളിൽ തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. ആയിരം ഏക്കറിലധികം പരന്നുകിടക്കുന്ന ജ്ഞാനഭാരതി ക്യാമ്പസിൽ 47 ഡിപ്പാർട്ട്‌മെന്റുകളിലായി ആറായിരത്തിലധികം വിദ്യാർത്ഥികളും ആയിരത്തോളം ജീവനക്കാരുമാണ് ഉള്ളത്. മൈസൂരു റോഡിനെയും ഉള്ളാൾ മെയിൻ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാത ക്യാമ്പസിലൂടെ കടന്നുപോകുന്നതിനാൽ ദിനംപ്രതി ആയിരക്കണക്കിന് സ്വകാര്യ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മുതൽ നഗരഭാവി സർക്കിൾ വരെയുള്ള ഗാന്ധി മാർഗ് റോഡ് വീതികുറഞ്ഞതായതിനാൽ ഭയത്തോടെയാണ് റോഡ് മുറിച്ചു കടക്കുന്നതെന്നും, രാത്രികാലങ്ങളിൽ ക്യാമ്പസും ഹോസ്റ്റൽ പരിസരവും സുരക്ഷിതമല്ലെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

മാനസയുടെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും നീതി ഉറപ്പാക്കണമെന്നും വിദ്യാർത്ഥികളും ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷനും (AIDSO) ആവശ്യപ്പെട്ടു. അക്കാദമിക് മേഖലകളിൽ ഭാരമേറിയതും അനിയന്ത്രിതവുമായ വാഹനഗതാഗതം നിരോധിക്കണമെന്നും സ്പീഡ് ലിമിറ്റ് കർശനമാക്കണമെന്നും വിദ്യാർത്ഥി പങ്കാളിത്തത്തോടെ സേഫ്റ്റി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2022-ൽ ശില്പശ്രീ എന്ന മറ്റൊരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ബി.എം.ടി.സി ബസിടിച്ച് മരിച്ചിരുന്നു. തുടർച്ചയായ അപകടങ്ങൾ നടന്നിട്ടും അധികൃതർ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയാണെന്ന് ആരോപണമുണ്ട്.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

സംഭവം അതീവ ദുഃഖകരമാണെന്നും ഗാന്ധി മാർഗ് റോഡിലെ പൊതുവാഹന ഗതാഗതം ഉടൻ നിരോധിക്കുന്ന കാര്യം സർക്കാരുമായി സംസാരിക്കുമെന്നും ബാംഗ്ലൂർ സർവകലാശാല വൈസ് ചാൻസലർ സി. ശിവരാജു അറിയിച്ചു. വരാനിരിക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇത് ചർച്ച ചെയ്യുമെന്നും മാനസയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉടനടി ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts