ബെംഗളൂരു: നഗരത്തിൽ ഏറെ നാളായി നീണ്ടുപോകുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നിർദേശം നൽകി. ഈജിപുര ഫ്ലൈഓവർ, യെലഹങ്ക ഫ്ലൈഓവർ, വിൻഡ് ടണൽ അണ്ടർപാസ്, ഒകാലിപുരം സിഗ്നൽ ഫ്രീ ഇടനാഴി തുടങ്ങിയ വൻകിട പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷമാണ് ജി.ബി.എ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് ഈ കർശന നിർദേശം നൽകിയത്.
ഈജിപുര ഫ്ലൈഓവറിന്റെ നിർമ്മാണം വേഗത്തിലാക്കും
ഈജിപുര ഫ്ലൈഓവർ സ്ഥലം സന്ദർശിച്ച ചീഫ് കമ്മീഷണർ, ഇന്ദിരാനഗർ റാംപിലെ വെറ്റ് മിക്‌സ് മക്കാഡം ജോലികളും മടിവാള ഭാഗത്തെ റാംപ് നിർമ്മാണവും വേഗത്തിലാക്കാൻ ഉത്തരവിട്ടു. ബെയറിംഗുകൾ സ്ഥാപിക്കുന്നതിനായി കൂടുതൽ ഹൈഡ്രോളിക് ജാക്കുകൾ വാടകയ്‌ക്കെടുത്ത് ജോലികൾ എത്രയും വേഗം തീർക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.
ഒകാലിപുരം പദ്ധതിയും റെയിൽവേ ഏകോപനവും
ഒകാലിപുരത്തെ എട്ടുവരി സിഗ്നൽ ഫ്രീ ഇടനാഴി പദ്ധതിയിൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ്, 1200 മില്ലീമീറ്റർ വ്യാസമുള്ള മഴവെള്ളച്ചാൽ, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും. റെയിൽവേ പരിസരത്ത് കെട്ടിക്കിടക്കുന്ന മണ്ണും കോൺക്രീറ്റ് സ്ലാബുകളും മാലിന്യങ്ങളും നീക്കം ചെയ്യാൻ റെയിൽവേ അധികൃതരുമായി ചേർന്ന് ഏകോപനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വിൻഡ് ടണൽ അണ്ടർപാസ് നവംബറിൽ തുറന്നുകൊടുക്കും
വിൻഡ് ടണൽ അണ്ടർപാസിന്റെ നിർമ്മാണ പുരോഗതി തൃപ്തികരമാണെന്ന് വിലയിരുത്തിയ അധികൃതർ, അണ്ടർപാസിലെ ശേഷിക്കുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നവംബറോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അറിയിച്ചു. പദ്ധതിയുടെ സംരക്ഷണ ഭിത്തി നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. അണ്ടർപാസ് തുറക്കുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയൊളവോളം പരിഹാരമാകും.
യെലഹങ്ക ഫ്ലൈഓവർ അവസാന ഘട്ടത്തിലേക്ക്
യെലഹങ്ക ഫ്ലൈഓവർ പദ്ധതിയുടെ 80 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ, കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (KPTCL) ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കാനുള്ള കാലതാമസമാണ് അന്തിമഘട്ട നിർമ്മാണത്തെ ബാധിച്ചിരിക്കുന്നത്. ഈ തടസ്സങ്ങൾ വേഗത്തിൽ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കാൻ കമ്മീഷണർ എം. മഹേശ്വർ റാവു നിർദേശിച്ചു.
