ബെംഗളൂരു: ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം വ്യാപകമായതോടെ ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. സ്വവർഗാനുരാഗികൾക്കിടയിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോളേജ്, യൂണിവേഴ്സിറ്റി ഹോസ്റ്റലുകളിലും പേയിംഗ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങളിലും കഴിയുന്ന വിദ്യാർഥികളിലും യുവാക്കളിലുമാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും കാണപ്പെടുന്നത് എന്നത് സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമാക്കുന്നു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ കർണാടകയിൽ 4,795 എച്ച്.ഐ.വി. പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും ബെംഗളൂരു നഗര അതിർത്തിക്കുള്ളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവിവാഹിതരായ യുവാക്കൾക്കിടയിൽ രോഗബാധ 20 മുതൽ 25 ശതമാനം വരെ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ എയ്ഡ്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി കർണാടക മാറിയത് ആരോഗ്യ വകുപ്പിനെയും വൻ പിരിമുറുക്കത്തിലാക്കിയിട്ടുണ്ട്.
സമീപകാലത്ത് ഡേറ്റിംഗ് ആപ്പുകൾ വഴി ലൈംഗിക പങ്കാളികളെ കണ്ടെത്തുന്ന പ്രവണതയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും വർധിച്ചതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായതെന്ന് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ പത്മ ബസവന്തപ്പ വ്യക്തമാക്കി. സ്വവർഗാനുരാഗികളും ലൈംഗികത്തൊഴിലാളികളും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നതിനാൽ ഇവർക്കിടയിൽ പ്രതിരോധ ബോധവൽക്കരണം ഊർജിതമാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ടി. കമ്പനികൾ, അന്തർസംസ്ഥാന ഡ്രൈവർമാർ, തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, നിലവിലുള്ള ആരോഗ്യ വകുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് എച്ച്.ഐ.വി. പരിശോധന നിർബന്ധമാക്കാനോ വ്യക്തികളുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായി പരിശോധന നടത്താനോ സാധിക്കില്ലെന്നും പ്രോജക്ട് ഡയറക്ടർ വ്യക്തമാക്കി.
