ജോലിഭാരം  കൂടുതൽ :  സന്തോഷത്തിലും സമാധാനത്തിലും കഴിയാൻ സർക്കാർ ജോലിയേക്കാൾ നല്ലത് പാനിപ്പുരി വിൽപ്പനയെന്ന് തഹസിൽദാർ

സർക്കാർ ജീവനക്കാരനേക്കാൾ സന്തോഷവും സമാധാനവുമായി ജീവിക്കുന്നത് പാനിപ്പുരി വിൽപ്പനക്കാരനെന്ന് തഹസിൽദാർ.

സർക്കാർ ജോലിയിലെ ഇപ്പോഴത്തെ തൊഴിൽ അന്തരീക്ഷവും അമിത സമ്മർദവും താങ്ങാവുന്നതിലുമപ്പുറമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഹാസൻ ജില്ലയിലെ ഹോളെനരസിപൂര തഹസിൽദാർ കെ.കെ. കൃഷ്ണമൂർത്തിയാണ് സർക്കാർ ജോലികളിലെ സമ്മർദകരമായ തൊഴിൽ സാഹചര്യങ്ങളെ വിമർശിച്ചത്.

താലൂക്ക് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിതമായ ജോലി ഭാരം നിമിത്തം സർക്കാർ ജീവനക്കാരിൽ മിക്കവരും രക്തസമ്മർദം, പ്രമേഹം, വൃക്ക, കരൾ രോഗങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുകയാണ്.

സാങ്കേതികവിദ്യ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനുപകരം വർധിപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അനാവശ്യമായി കീഴ്ജീവനക്കാരുടെ പുരോഗതി നിരീക്ഷിക്കുകയും നിരന്തരം സമ്മർദങ്ങൾ ചെലുത്തുകയുമാണ്.

ജോലിയിലെ ഏത് കാലതാമസവും വകുപ്പുതല അന്വേഷണങ്ങൾക്ക് കാരണമാകുന്നു. പ്രതികാര ഭയത്താൽ വില്ലേജ് അക്കൗണ്ടന്റുമാർക്ക് ജോലിയിലെ അവരുടെ പ്രശ്‌നങ്ങൾ പോലും പറയാൻ കഴിയുന്നില്ല.

ശരിയായി പഠിപ്പിക്കുന്നതിന് പകരം കുട്ടികൾക്ക് മുട്ടയും ലഘുഭക്ഷണവും വിതരണം ചെയ്യുന്നതുപോലുള്ള സർക്കാർ പദ്ധതികളിൽ അധ്യാപകർക്ക് അമിതഭാരം ചെലുത്തുകയാണ്.

അസഹനീയമായ സമ്മർദത്തെത്തുടർന്ന് മിക്ക ഉദ്യോഗസ്ഥരും സ്വമേധയാ വിരമിക്കൽ ആലോചിക്കുകയാണ്.

ഈ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ പാനിപ്പുരി കച്ചവടക്കാരനോ ഗോബി മഞ്ചൂരിയൻ വിൽപനക്കാരനോ ആകുന്നതാണ് നല്ലതെന്ന് തോന്നും.

അവർ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. അവർക്ക് അവധിക്കാലം ആഘോഷിക്കാനും സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങാനും ജീവിതം ആസ്വദിക്കാനും കഴിയും.

ഇതൊന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. അവരുടെ കുടുംബത്തെ ക്ഷേത്രങ്ങളിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ലെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us