പ്രണയത്തിൽ നിന്ന് പിന്മാറാൻ സുഹൃത്തിന് വച്ച കെണിയിൽ വീണത് മുൻ കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച്‌ സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കൊപ്പലിലെ കർട്ടാഗേരി സ്വദേശിയായ 35കാരൻ സിദ്ദപ്പ ശീലാവന്താണ് സംഭവത്തില്‍ അറസ്റ്റിലായത്.

സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയല്‍വാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തില്‍ പക്ഷേ പരിക്കേറ്റത് മുൻ കാമുകിയ്ക്ക് ആയിരുന്നു.

ബാഗല്‍കോട്ടില്‍ ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് ബാസമ്മ യാരനാല്‍ എന്ന യുവതിക്ക് ഇരു കൈപ്പത്തികളും നഷ്ടമായത്.

35കാരനുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് നിരന്തരമായി കാമുകിയോട് ആവശ്യപ്പെട്ടിരുന്ന അയല്‍വാസിയായ സുഹൃത്തിനാണ് ബുധനാഴ്ച കൊറിയർ എത്തിയത്.

എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ കൊറിയർ വാങ്ങി വയ്ക്കാനും പിന്നീട് തുറന്ന് എന്താണെന്ന് പരിശോധിക്കാനും അയല്‍വാസി യുവാവിന്റെ മുൻ കാമുകിയോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കൊറിയർ അയച്ചത് മുൻ കാമുകനാണെന്നോ ഹെയർ ഡ്രയർ പൊട്ടിത്തെറിക്കുമെന്നോ ധാരണയില്ലാതെ പ്രവർത്തിപ്പിച്ച്‌ നോക്കിയ കാമുകിയ്ക്ക് സ്ഫോടനത്തില്‍ ഇരു കൈപ്പത്തികളും നഷ്ടമാവുകയായിരുന്നു.

അയല്‍വാസി ശശികലയ്ക്ക് വന്ന കൊറിയർ അവരുടെ നിർദ്ദേശത്തിന് പിന്നാലെ വാങ്ങി വയ്ക്കുകയും പിന്നീട് ശശികല ആവശ്യപ്പെട്ടത് അനുസരിച്ച്‌ ഉപകരണം പ്രവർത്തിപ്പിക്കുകയും ചെയ്തതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ ബാസമ്മ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

തുടക്കത്തില്‍ ഷോർട്ട് സർക്യൂട്ട് എന്ന് കരുതിയ സംഭവത്തിലെ പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതും അറസ്റ്റുണ്ടായതും. ബാസമ്മയും സിദ്ദപ്പയും ഒരേ ഗ്രാമവാസികളാണ്.

ഭർത്താവിന്റെ മരണ ശേഷം സിദ്ദപ്പയും ബാസമ്മയും തമ്മില്‍ അടുപ്പത്തിലായി. ഈ വിവരം ശശികലയ്ക്ക് അറിയാമായിരുന്നു. ഒരു മാസം മുൻപ് സിദ്ദപ്പയെ ബാസമ്മ ശശികലയ്ക്ക് പരിചയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇവർ തമ്മില്‍ പ്രണയമാണെന്ന് വ്യക്തമായതോടെ ശശികല സിദ്ദപ്പയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ബാസമ്മയെ നിർബന്ധിച്ചിരുന്നു.

ഉറ്റ സുഹൃത്തും ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ശശികലയുടെ നിർദ്ദേശം ബാസമ്മ സ്വീകരിച്ചു. പിന്നാലെ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് വിശദമാക്കുകയും ചെയ്തു.

ഇത് സിദ്ദപ്പയെ പ്രകോപിതനാക്കിയിരുന്നു. ബാസമ്മ ബന്ധത്തില്‍ നിന്ന് പിന്തിരിയാൻ കാരണം ശശികല ആണെന്ന് വ്യക്തമായ സിദ്ദപ്പ ശശികലയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ കെണിയില്‍ പക്ഷേ അബദ്ധത്തില്‍ വീണത് ബാസമ്മ ആണെന്ന് മാത്രം.

16 വർഷമായി ഗ്രാനൈറ്റ് കമ്ബനിയിലെ ജീവനക്കാരനായ സിദ്ദപ്പയ്ത്ത് ഡിറ്റണേറ്ററുകളും ഇവയുടെ പ്രവർത്തനവും പരിചയമുണ്ടായിരുന്നു.

ഇതോടെയാണ് ഇയാള്‍ ചൈനീസ് നിർമ്മിത ഹെയർ ഡ്രയർ വാങ്ങി ഇതില്‍ ഡിറ്റണേറ്റർ ഘടിപ്പിച്ച്‌ ശശികലയ്ക്ക് അയയ്ക്കുകയായിരുന്നു.

ക്വാറികളില്‍ പാറകള്‍ തകർക്കാനുപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടനമാണ് ഹെയർ ഡ്രയറില്‍ തയ്യാറാക്കിയതെന്നാണ് ബാഗല്‍കോട്ട് എസ്പി അമർനാഥ് റെഡ്ഡ് വിശദമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us