ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി (‘മുഡ’)ഭൂമിയിടപാടുകേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയെ ലോകായുക്ത പോലീസ് ചോദ്യംചെയ്തു. മൈസൂരുവിലെ ലോകായുക്ത ഓഫീസിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പാർവതി ഹാജരാകുകയായിരുന്നു. ചോദ്യം ചെയ്യൽ 12.30 വരെ നീണ്ടു.
പാർവതിയോട് ഹാജരാകാനാവശ്യപ്പെട്ട് വ്യാഴാഴ്ച ലോകായുക്ത നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരമാണ് വെള്ളിയാഴ്ച അവർ ഹാജരായത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളുമായാണ് പാർവതി ലോകായുക്ത പോലീസിനുമുമ്പിലെത്തിയതെന്നാണ് വിവരം. ലോകായുക്തയുടെ ചോദ്യങ്ങൾക്കെല്ലാം അവർ മറുപടി നൽകുകയുംചെയ്തു.
മൈസൂരുവിലെ വിജയനഗർ തേഡ് സ്റ്റേജിലും ഫോർത്ത് സ്റ്റേജിലുമായി ‘മുഡ’ 14 പാർപ്പിടപ്ലോട്ടുകൾ പാർവതിക്ക് ലഭിച്ചതിനെപ്പറ്റിയായിരുന്നു ലോകായുക്തയുടെ ചോദ്യങ്ങളെന്നാണ് സൂചന.
പാർവതിയെക്കൂടാതെ സിദ്ധരാമയ്യ, പാർവതിയുടെ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുനയ്ക്ക് ഭൂമി നൽകിയ ദേവരാജു എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
മല്ലികാർജുന സ്വാമിയെയും ദേവരാജുവിനെയും നേരത്തെ ചോദ്യംചെയ്തിരുന്നു. ലോകായുക്ത കേസിനെ അടിസ്ഥാനപ്പെടുത്തി ഇ.ഡി.യും ഇവരുടെ പേരിൽ കേസെടുത്തിരുന്നു. ഇതോടെ 14 പ്ലോട്ടുകളും പാർവതി മുഡയ്ക്ക് തിരികെനൽകിയിരുന്നു.
അതിനിടെ, ‘മുഡ’ ഓഫീസിലെ നാലു ജീവനക്കാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി. നോട്ടീസയച്ചു.
ശിരസ്തദാർ, രണ്ട് ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റുമാർ, സ്പെഷ്യൽ തഹസിൽദാർ എന്നിവർക്കാണ് നോട്ടീസയച്ചത്. ബെംഗളൂരുവിലെ ഇ.ഡി.യുടെ മേഖലാ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
മുഡ ഓഫീസിൽ കഴിഞ്ഞദിവസം ഇ.ഡി. പരിശോധന നടത്തിയിരുന്നു. അന്ന് വിവരങ്ങൾ കൈമാറിയ ജീവനക്കാരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.