ബെംഗളൂരു: കൊപ്പൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദലിതുകൾക്കുനേരെ അതിക്രമം നടത്തുകയും കുടിലുകൾ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തിൽ 98 പേർക്ക് ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
പത്ത് വർഷം മുമ്പ് നടന്ന അതിക്രമത്തിലാണ് വിധി.
കേസിൽ കുറ്റക്കാരായ 101 പേരുടെ ശിക്ഷയാണ് ഇന്ന് കൊപ്പൽ ജില്ലാ കോടതി പ്രസ്താവിച്ചത്.
മേഖലയിൽ ദലിതുകൾ മേൽജാതിക്കാരിൽ നിന്ന് നേരിട്ടുവരുന്ന അതിക്രമങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു നടപടി വരുന്നത്.
ഇത്രയധികം പേർക്ക് ഒരുമിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതും ആദ്യമായാണ്.
2014 ആഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു സിനിമ കണ്ടശേഷം തന്നെ ദലിത് യുവാക്കൾ ആക്രമിച്ചെന്നും തൊട്ടുകൂടായ്മയെ ചോദ്യംചെയ്തെന്നും അവകാശപ്പെട്ട് ഉയർന്ന ജാതിയിൽപ്പെട്ട മഞ്ജുനാഥ് എന്നയാൾ രംഗത്തു വന്നതോടെ പ്രകോപിതരായ ഒരുകൂട്ടം ആളുകൾ അക്രമം അഴിച്ചുവിടുകയായിരുന്നു.
മരകുമ്പി ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ നിരവധിപേർ സംഘടിച്ചെത്തി ദലിത് വിഭാഗക്കാരെ ക്രൂരമായി മർദിക്കുകയും കുടിലുകൾക്ക് തീയിടുകയും ചെയ്തു.
പ്രദേശവാസിയായ ഭിമേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.
നിസാര കാര്യത്തിന് ദലിതരുടെ വീടുകൾ തകർത്തതിനും അവരെ ആക്രമിച്ചതിനും 117 പേർക്കെതിരെ ഗംഗാവതി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
101 പേരെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മറ്റ് 16 പേർ മരിച്ചിരുന്നു.
മൂന്നു പേർ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരാണ്. ഇവർക്ക് അഞ്ച് വർഷത്തെ കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.
ജാതിവെറിയുടെ പേരിൽ നടത്തുന്ന അതിക്രമങ്ങൾക്കുള്ള ശക്തമായ താക്കീതാണ് വിധിയിലൂടെ നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.