ബെംഗളൂരു : കേരളത്തനിമ ചോരാതെ ഓണം ആഘോഷിച്ച് ബെംഗളൂരു മലയാളികൾ. നാട്ടിൽ പോകാൻ സാധിക്കാത്ത മലയാളികൾ മുൻകാല നാട്ടിൻ പുറങ്ങളിലെ ഓണാഘോഷത്തിന്റെ ഗൃഹാതുരത്വമായാണ് ഓണമാഘോഷിക്കുന്നത്.
ഞായറാഴ്ച ഓണസദ്യ ഒരുക്കിയും പൂക്കളമൊരുക്കിയും പരസ്പരം ഓണാശംസകൾ കൈമാറിയും തിരുവോണം കൊണ്ടാടും. സ്ഥലപരിമിതികൾക്കിടയിലും ഫ്ളാറ്റുകളിൽ പൂക്കളമൊരുക്കും. മലയാളികൾക്കൊപ്പം ഇതര ഭാഷക്കാരും ആഘോഷത്തിൽ പങ്കു ചേരും.
സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ച് ഓണസദ്യ വിളമ്പുന്നവർ നിരവധിയാണ്. നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലും തിരുവോണ ദിവസം ഓണാഘോഷങ്ങളും ഓണസദ്യകളും സംഘടിപ്പിക്കുന്നുണ്ട്.
തിരുവോണ ദിനത്തിൽ കേരളത്തിലേതിനു സമാനമായ ഓണപ്പരിപാടികളാകും മലയാളികൾ സംഘടിപ്പിക്കുക. സദ്യയില്ലാതെ ഓണാഘോഷം പൂർണമാവില്ല. തൂശനിലയിൽ വിവിധയിനം കറികളും പായസവുമടങ്ങിയ സദ്യ ബെംഗളൂരുവിലെ മലയാളികളുടെ വീടുകളിലും ഒരുക്കും.
ഓണസദ്യ വീടുകളിൽ തയ്യാറാക്കാൻ സാധിക്കാത്തവർക്കായി നഗരത്തിലെ മലയാളി റസ്റ്ററന്റുകളിൽ സദ്യ ലഭ്യമാണ്. ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്കു മുമ്പു തന്നെ മലയാളികൾ ആരംഭിച്ചിരുന്നു. ഓണക്കളികളും ഓണച്ചന്തകളും നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു.
നഗരത്തിലെ പൂമാർക്കറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മാസങ്ങളോളം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങളാണ് മലയാളി സംഘടനകൾ സംഘടിപ്പിക്കുന്നത്. തിരുവോണം കഴിഞ്ഞാലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വരും ആഴ്ചകളിൽ ഓണം ആഘോഷിക്കും. കേരളത്തിൽ നിന്നുള്ള കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കാനെത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.