ബെംഗളൂരു : മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസിലെ പ്രതിയെ വീട്ടിലെത്തി സന്ദർശിച്ച ബി.ജെ.പി.യുടെ മുൻ മൈസൂരു എം.പി. പ്രതാപ് സിംഹ വിവാദത്തിൽ.
കേസിലെ 17-ാംപ്രതി മാണ്ഡ്യയിലെ മദ്ദൂർ സ്വദേശി കെ.ടി. നവീൻ കുമാറിനെയാണ് പ്രതാപ് സിംഹ സന്ദർശിച്ചത്.
നവീൻ അടുത്തിടെ ജാമ്യം നേടി പുറത്തിറങ്ങിയതാണ്. ഇയാൾ തന്റെ സുഹൃത്താണെന്നും ആരോഗ്യകാര്യങ്ങൾ അന്വേഷിച്ചെന്നും പ്രതാപ്സിംഹ എക്സിൽ കുറിച്ചു.
സന്ദർശനത്തിന്റെ ചിത്രവും പങ്കുവെച്ചു. ഗൗരി ലങ്കേഷ് കൊലക്കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയാണ് നവീൻകുമാർ.
ഹിന്ദു സംഘടനാ പ്രവർത്തകനാണ്. ആറര വർഷം ജയിലിൽ റിമാൻഡിൽ കഴിഞ്ഞശേഷം കഴിഞ്ഞമാസമാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
കേസിലെ വിചാരണ നീണ്ടുപോകുന്ന കാരണം പറഞ്ഞാണ് ജാമ്യം നേടിയത്. 2017 സെംപ്റ്റംബർ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീടിനുമുന്നിൽ വെടിയേറ്റ് മരിച്ചത്.
കൊലപാതകമുൾപ്പെടെ നടത്തി സമൂഹത്തിന്റെ സമാധാനം ഇല്ലാതാക്കുന്നവരെ ബി.ജെ.പി. ഒപ്പം നിർത്തുന്നതിന് തെളിവാണ് പ്രതാപ് സിംഹയുടെ സന്ദർശനമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു വിമർശിച്ചു.
ഗോഡ്സെയെ പൂജിക്കുന്ന ബി.ജെ.പി.യുടെ യഥാർഥ മുഖമാണിതെന്നും ആരോപിച്ചു.
കൊലപാതകത്തെ അപലപിക്കുന്നതിനുപകരം പ്രതിയുടെ തോളിൽ കൈയിട്ട് ചിത്രമെടുത്ത പ്രതാപ് സിംഹ എന്തുസന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.