ബെംഗളൂരു : കർണാടകത്തിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നു. രാമനഗര ജില്ലയിലെ ചന്നപട്ടണ, ഹാവേരി ജില്ലയിലെ ഷിഗോൺ, ബല്ലാരി ജില്ലയിലെ സന്ദൂർ എന്നിവയാണ് രാഷ്ട്രീയ പോരാട്ടത്തിന് കാത്തിരിക്കുന്നത്.
ഈ മണ്ഡലങ്ങളുടെ പ്രതിനിധികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പി. മാരായി. വൈകാതെ മൂന്നിടത്തും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. രണ്ട് മണ്ഡലങ്ങൾ എൻ.ഡി.എ. സഖ്യത്തിന്റെതാണ്. ഒരു മണ്ഡലം കോൺഗ്രസിന്റേതും.
ചന്നപട്ടണ ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ മണ്ഡലമാണ്. പുതുതായി കേന്ദ്രമന്ത്രിയായ എച്ച്.ഡി.കുമാരസ്വാമി രണ്ടാമതും വിജയിച്ച മണ്ഡലം. 15,915 വോട്ടിനാണ് അദ്ദേഹം ബി.ജെ.പി.യുടെ സി.പി.യോഗേശ്വറിനെ പരാജയപ്പെടുത്തിയത്.
ഇപ്പോൾ ബി.ജെ.പി. ക്കൊപ്പം നിൽക്കുന്ന ജെ.ഡി.എസിന് വിജയസാധ്യത വർധിച്ചിട്ടുമുണ്ട്. ബെംഗളൂരു റൂറൽ ഉൾപ്പെടുന്ന ഓൾഡ് മൈസൂരു മേഖലയിൽ എൻ.ഡി.എ. സഖ്യമുണ്ടാക്കിയ നേട്ടത്തിന്റെ ആത്മവിശ്വാസവും ജെ.ഡി.എസിനുണ്ട്.
പക്ഷേ, സംസ്ഥാനത്ത് ഭരണം കൈയാളുന്ന കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ജെ.ഡി.എസ്. സ്ഥാനാർഥിയായി എച്ച്.ഡി.കുമാരസ്വാമിയുടെ മകനും പാർട്ടി യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമിയെയിറക്കാൻ പാർട്ടി ഏകദേശ തീരുമാനത്തിലെത്തിയിട്ടുണ്ട്.
നടൻ കൂടിയായ നിഖിൽ സിനിമ വിട്ട് രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അദ്ദേഹത്തെ എച്ച്.ഡി.കുമാരസ്വാമിക്കു പകരം പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാനും നീക്കം നടക്കുന്നുണ്ട്. ബെംഗളൂരു റൂറലിൽ പരാജയം ഏറ്റുവാങ്ങിയ മുൻ എം.പി. ഡി.കെ.സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയാകണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
സുരേഷ് ഇത് സമ്മതിച്ചിട്ടില്ല. സുരേഷിന്റെയും സഹോദരനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.സുരേഷിന്റെയും തട്ടകമായ റൂറലിൽ സംഭവിച്ച പരാജയത്തിൽനിന്ന് മുക്തനാകാത്തതാണ് കാരണം.
ഷിഗോൺ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം മണ്ഡലമാണ്. 2008 മുതൽ തുടർച്ചയായി നാല് തവണ ബൊമ്മെ ജയിച്ചുകയറിയ മണ്ഡലം.
ഇത്തവണ 35,978 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ മണ്ഡലം ഉൾപ്പെടുന്ന ഹാവേരി ലോക്‌സഭാ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം എം.പി.യായിരിക്കുന്നത്.
ബി.ജെ.പി. യുടെ ശക്തികേന്ദ്രമായ ഷിഗോണിൽ ബൊമ്മെയുടെ മകനെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. സർക്കാരിന്റെ വാഗ്ദാന പദ്ധതികൾ മുൻ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസുമിറങ്ങും.
കോൺഗ്രസിന് വളക്കൂറുള്ള മണ്ഡലമാണ് സന്ദൂർ. 2008 മുതൽ സന്ദൂറിന്റെ പ്രതിനിധി ഇ.തുക്കാറാമാണ്. കഴിഞ്ഞ തവണ 35,522 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തുക്കാറാമിന് പകരം അദ്ദേഹത്തിന്റെ മകളെ സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.