ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണയ്ക്കുവേണ്ടി തിരച്ചിൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.).
ഭവാനിയെ കണ്ടെത്തിയാലുടൻ അറസ്റ്റുചെയ്യാനാണ് നീക്കം. ബെംഗളൂരു, മൈസൂരു, ഹാസൻ, മാണ്ഡ്യ, രാമനഗര എന്നിവിടങ്ങളിൽ അവരെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലുമായിരുന്നു പരിശോധന.
കേസിൽ ചോദ്യംചെയ്യലിന് ശനിയാഴ്ച ഭവാനിരേവണ്ണയുടെ വീട്ടിൽ അന്വേഷണസംഘമെത്തിയെങ്കിലും പിടികൊടുക്കാതെ അവർ മാറിനിൽക്കുകയായിരുന്നു.
തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും അന്വേഷണം തുടർന്നെങ്കിലും കണ്ടെത്താനായില്ല.
ഭവാനി രേവണ്ണ ഒളിവിൽപ്പോയതാണെന്നും അവരെ കണ്ടെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു.
അവർ നൽകിയ മുൻകൂർജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഒളിവിൽപ്പോയത്. ഹൈക്കോടതിയിൽനിന്ന് അവർ മുൻകൂർജാമ്യത്തിന് ശ്രമം നടത്തുന്നതായി സൂചനയുണ്ട്.
കേസിൽ ഭവാനിയുടെ ഭർത്താവ് എച്ച്.ഡി. രേവണ്ണയെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
പ്രജ്ജ്വലിനെതിരേ മൊഴികൊടുക്കാതിരിക്കാനായി രേവണ്ണയും ഭവാനിയും ചേർന്ന് അതിജീവിതയെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് എസ്.ഐ.ടി. കരുതുന്നു.
പ്രജ്ജ്വൽ രേവണ്ണയെ ഞായറാഴ്ചയും ചോദ്യംചെയ്തു. പീഡനം നടന്ന സ്ഥലങ്ങളിൽ പ്രജ്ജ്വലിനെയെത്തിച്ച് തെളിവെടുപ്പു നടത്താനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.