ബെംഗളൂരു : ഏഴുവർഷംമുമ്പ് നിർമാണം ആരംഭിച്ച ഈജിപുര മേൽപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുതിയ കരാറുകാർ വന്നിട്ടും മന്ദഗതിയിലായതിനാൽ നിർമാണം നിർത്തിവെച്ച് പകരം ബൈയപ്പനഹള്ളി-സിൽക്ക് ബോർഡ് റൂട്ടിൽ മെട്രോപാത നിർമിക്കണമെന്ന് ഗതാഗത വിദഗ്ധർ.
പുതിയ കരാറുകാർവന്ന് ആറുമാസത്തിനിടെ വെറും നാലുശതമാനം നിർമാണപ്രവർത്തനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്നാണ് ബെംഗളൂരു കോർപ്പറേഷന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ മേൽപ്പാലം നിർമാണം ഉപേക്ഷിച്ച് ഈ ഭാഗത്ത് മെട്രോപാത വേണമെന്നാണ് വിദഗ്ധരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഓൺലൈൻ പരാതിശേഖരണവും ആരംഭിച്ചിട്ടുണ്ട്.
മെട്രോപാത വന്നാൽ യാത്രക്കാർക്ക് കൂടുതൽ പരിസ്ഥിതിസൗഹൃദയാത്ര ലഭ്യമാകുമെന്നും ഈ ഭാഗത്ത് സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകുമെന്നും മലിനീകരണം കുറയ്ക്കാനാകുമെന്നും വിദഗ്ധർ പറയുന്നു.
എന്നാൽ, മേൽപ്പാലമാണെങ്കിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങാനിടയാക്കുമെന്നും ശബ്ദ, വായു മലിനീകരണം കൂടുമെന്നും ഇവർ വാദിക്കുന്നുണ്ട്.
നമ്മ മെട്രോ പർപ്പിൾ പാതയ്ക്കും യെല്ലോ പാതയ്ക്കും ഇടയിൽ പുതിയപാത നിർമിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനോട് (ബി.എം.ആർ.സി.എൽ.) ആവശ്യപ്പെടണമെന്നാണ് വിദഗ്ധർ പറയുന്നത്.
മേൽപ്പാലം വന്നാൽ ഭാവിയിൽ ഈ ഭാഗത്ത് മെട്രോ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും വാദങ്ങളുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.